KeralaLatest

കൊവിഡ് ബാധിതരില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു

“Manju”

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം യുവാക്കളില്‍ അടക്കം ​ഗുരുതരമാവുന്നുവെന്ന് വിവരം. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി യുവാക്കളിലും മദ്ധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധിതരില്‍ ഓക്‌സിജന്റെ അളവ് കുറയുകയാണ്. ഐ സി യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും മുപ്പത് വയസിന് താഴെയുളളവരാണെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശ്രീലത വ്യക്തമാക്കി.

ആദ്യ തരംഗത്തില്‍ രോഗ നിരക്ക് ഇരട്ടിയാകാനെടുത്ത സമയം 28 ദിവസമായിരുന്നെങ്കില്‍ ഇപ്പോഴിത് പത്ത് ആയി കുത്തനെ കുറഞ്ഞു. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടര്‍ന്നിരുന്നത് ഇപ്പോള്‍ ശരാശരി നാലായി. രോഗം ബാധിക്കുന്നവരില്‍ ന്യുമോണിയ, ശ്വാസ തടസം അടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് കാണുന്നത്. പലരുടേയും നില വഷളാകുന്ന സ്ഥിതിയാണ്. സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്.

ശരീരവേദനയും ശ്വാസം മുട്ടലുമാണ് രണ്ടാം തരംഗത്തിലെ പ്രധാന ലക്ഷണങ്ങള്‍. പ്രായമേറിയവരിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്. ജീവിതശൈലി രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ഉളളവര്‍ യാത്രകള്‍ പരാമവധി ഒഴിവാക്കണം. വിദഗ്ദ്ധ ചികിത്സാ സേവനത്തിനായി ഇസഞ്ജീവനി സേവനം തേടുകയോ അടുത്തുളള ആരോഗ്യ കേന്ദ്രവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് തുടര്‍ചികിത്സകള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച്‌ ചെയ്യുകയും വേണമെന്നും ശ്രീലത വ്യക്തമാക്കി.

Related Articles

Back to top button