Uncategorized

ഒരുകിലോ തേങ്ങയ്ക്ക് 40 രൂപ, പക്ഷേ ചിരട്ടയ്ക്ക് വില 150

“Manju”

കുറ്റ്യാടി: ഉപയോഗ ശേഷം വലിച്ചെറിയുന്ന ചിരട്ടയില്‍ നിന്നും കാശുണ്ടാക്കാം. കേരളത്തിന്റെ തനത് വിളയായ തേങ്ങയ്ക്ക് മാര്‍ക്കറ്റില്‍ സ്ഥിരമായ വിലനിലനില്‍ക്കാതിരിക്കുമ്പോള്‍ ചിരട്ടയ്ക്ക് വലിയ സാദ്ധ്യതകളാണ് മിഴിതുറക്കുന്നത്.

ചിരട്ടയില്‍ നിന്ന് കരകൗശല വസ്തുക്കള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഇന്ത്യയ്ക്ക് അകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയാണ്. പ്ലാസ്റ്റിക്ക് ഉപകരണങ്ങള്‍ക്ക് പകരം ചിരട്ട കൊണ്ടുള്ള ഉപകരണങ്ങള്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ഭരണകൂടങ്ങള്‍ ചിരട്ടയെ എങ്ങിനെ ജനങ്ങളിലേക്ക് എത്തിക്കാം എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. കുറ്റ്യാടി, നാദാപുരം മേഖലകളില്‍ നിന്ന് പ്രതിദിനം ആയിരക്കണക്കിന്ന് ചിരട്ടകളാണ് പല ദേശങ്ങളിലേക്കും കയറ്റി പോകുന്നത്.

മൊത്ത വിപണിയില്‍ ഒരു കിലോ തേങ്ങയ്ക്ക് 33 രൂപവരെയാണ് വില. റീട്ടെയില്‍ വില കിലോയ്ക്ക് 40 രൂപയ്ക്കു മുകളില്‍. എന്നാല്‍ ആമസോണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഒരു കിലോ ചിരട്ടയ്ക്ക് 150 രൂപയ്ക്ക് മുകളിലാണ് വില. ചാര്‍ക്കോള്‍ നിര്‍മ്മാണത്തിനും മറ്റ് വില കൂടിയ വസ്തുക്കള്‍ നിര്‍മ്മിക്കാനുമാണ് ചിരട്ട വലിയതോതില്‍ ഉപയോഗിക്കുന്നത്. ഹോട്ടലുകളിലേയും ബേക്കറികളിലേയും പ്രധാന ഇന്ധനം ചിരട്ടയാണ്. കേരളത്തില്‍ നിന്നും തമിഴ്നാട് വിപണികളിലേക്കാണ് കൂടുതലും ചിരട്ടകയറ്റി പോകുന്നത്. ചിരട്ട ശേഖരിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുള്ള നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിരട്ടക്കരി നിര്‍മാണത്തിനാണ് തമിഴ്‌നാട് കേരളത്തിലെ ചിരട്ടകള്‍ വാങ്ങുന്നത്.ചിരട്ടക്കരിയില്‍ നിന്നും കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്നു. ആണവ വികിരണത്തെ പ്രതിരോധിക്കാന്‍ ഈ കാര്‍ബണിന് ശേഷിയുണ്ടെന്ന തിരിച്ചറിവാണ് ഡിമാന്റ് വില കൂടാനും കാരണം.

വെള്ളം, പഞ്ചസാര, പഴച്ചാറ് എന്നിവ ശുദ്ധീകരിക്കാനും, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ചിരട്ടപ്പൊടി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലും ഇന്ന് ചിരട്ടയ്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുവരികയാണ്. ആചാരപ്രകാരം മൃതശരീരങ്ങളുടെ സംസ്‌കാരത്തിന് ഇന്നും ചിരട്ടകള്‍ ഉപയോഗിക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ ചിരട്ടകള്‍ കൊണ്ടുള്ള അനന്തമായ ഉപയോഗം മനസിലാക്കി സര്‍ക്കാര്‍ സഹായത്തോടെ പുതിയ സംരംഭങ്ങളിലേക്ക് തിരിയേണ്ടിയിരിക്കുന്നു.

Related Articles

Check Also
Close
Back to top button