Uncategorized

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് നിര്‍ബന്ധം

“Manju”

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. കുറഞ്ഞ പ്രായം 6 വയസാക്കുന്നതിന്റെ ഭാഗമായി പ്രവേശന നടപടികളില്‍ മാറ്റം വരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രം പറയുന്നു.

ഉദാഹരണത്തിന് കേരളം, ദില്ലി, രാജസ്ഥാൻ, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഒന്നാം ക്ലാസിലെ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അഞ്ചാണ്. യുപി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസും. ഇത്തരത്തിൽ നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലാത്ത സാഹചര്യത്തിലാണ് കേന്ദ്ര നിർദ്ദേശം.

3 വയസ് മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്ക് പഠനത്തിനുള്ള അവസരം ഒരുക്കുന്നതാണ് അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്നു. അഞ്ചുവര്‍ഷത്തെ പഠനമാണ് പ്രാഥമിക ഘട്ടത്തിൽ ഉള്‍പ്പെടുന്നത്. പ്രീ സ്‌കൂള്‍ പഠനത്തിന് 3 വർഷവും തുടര്‍ന്ന് ഒന്ന്, രണ്ട് ക്ലാസുകള്‍ കൂടി ഉൾപ്പെടുന്നതാണ് അടിസ്ഥാന വിദ്യാഭ്യാസമെന്ന് ദേശീയ വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു.

പ്രീ സ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ കാലയളവിൽ മുടക്കം കൂടാതെയുള്ള പഠനം കുട്ടികൾക്ക് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. മൂന്ന് വയസുമുതലുള്ള കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള പ്രീ സ്‌കൂള്‍ പഠനം നിർബന്ധമായും ഉറപ്പാക്കണം. ഇതിനായി അങ്കന്‍വാടികളും സര്‍ക്കാര്‍ സ്വകാര്യ തലത്തില്‍ പ്രീ സ്‌കൂളുകളും തയ്യാറാക്കണമെന്നും കേന്ദ്രം നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

Related Articles

Back to top button