IndiaLatest

നദീസംരക്ഷണം അടിയന്തരമായി നടപ്പാക്കണം: ഉപരാഷ്‌ട്രപതി

“Manju”

ന്യൂഡൽഹി: രാജ്യത്തെ നദികളുടെ സംരക്ഷണവും പുനരൂജ്ജീവനവും അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഇതിനായി ദേശീയ തലത്തിൽ ശക്തമായ പ്രചാരണം ആരംഭിക്കാനാണ് ഉപരാഷ്‌ട്രപതി പദ്ധതിയിടുന്നത്. ഗുവാഹത്തിയിലെ ബ്രഹ്മപുത്ര നദിയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന പൈതൃക-സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് നായിഡു ഗുവാഹത്തിയിൽ എത്തിയത്.

‘ജീവൻ പുനരുജ്ജീവിപ്പിക്കുന്ന നദികൾ പൂജിക്കപ്പെടണം. എന്നാൽ വളർന്ന് വരുന്ന നഗരവൽകരണവും വ്യവസായവൽകരണവും നദികളെ മലിനമാക്കി. പണ്ട്, രാജ്യത്തെ ഗ്രാമങ്ങൾ ശുദ്ധജല സമ്പുഷ്ടമായിരുന്നു. എന്നാൽ ഇന്ന് അത്തരത്തിലുള്ള ശുദ്ധജല സംഭരണികൾ വിരളമാണ്. ഇത് തടഞ്ഞ് രാജ്യത്തെ നദികളെയും ശുദ്ധജല സ്രോതസുകളെയും സംരക്ഷിക്കണം’ ഉപരാഷ്‌ട്രപതി പറഞ്ഞു.

നദികളുടെ സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. കൂടാതെ സ്‌കൂൾതലം മുതൽ തന്നെ കുട്ടികളിൽ ജല സംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കണം. പ്രകൃതിയുടെ സംരക്ഷണത്തിനായി വിദ്യാർത്ഥികൾക്കിടയിൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി കേന്ദ്രത്തിന്റെ ആർട്ട് ഗാലറി, സെന്റട്രൽ ഹാൾ എന്നിവ ഉപാരാഷ്‌ട്രപതി സന്ദർശിച്ചു.

Related Articles

Back to top button