KeralaLatestThrissur

മഴക്കെടുതി: നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി

“Manju”

തൃശൂര്‍: സംസ്ഥാനത്തെ മഴക്കെടുതി മൂലമുള്ള നഷ്ടപരിഹാരം സംബന്ധിച്ച്‌ ആശങ്കകള്‍ വേണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. പൂത്തൂര്‍ വില്ലേജിലെ പുത്തൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ ക്യാമ്ബുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. നഷ്ട പരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കും. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരങ്ങള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രേഖകള്‍ ഇല്ലാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള നടപടികള്‍ പരിശോധിച്ച്‌ വരികയാണ്. മഴക്കെടുതി മൂലമുള്ള നഷ്ടങ്ങള്‍ കണക്കാക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെ സഹായത്തോടെ ലഭ്യമാകുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കുന്നതിനെക്കുറിച്ച്‌ അടുത്ത ക്യാബിനറ്റില്‍ ആലോചിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, തൃശൂര്‍ തഹസില്‍ദാര്‍ ജയശ്രീ, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, കയ്നൂര്‍ ,പുത്തൂര്‍ വില്ലേജ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ക്യാമ്പ് സന്ദര്‍ശിച്ചു.

Related Articles

Back to top button