Uncategorized

കുരുക്കിലകപ്പെടുന്ന കൗമാരം

കൂട്ടുകാര്‍ക്കെല്ലാം പ്രണയമുണ്ട്, അതുകൊണ്ട് ഞാനും...

“Manju”

കുട്ടികള്‍ വീട് വിട്ടിറങ്ങി പോകുന്നത് ട്രെന്‍ഡായി ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഏഴ് വയസ് മുതലുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. വീട്ടില്‍ വഴക്ക് പറഞ്ഞാല്‍, ആവശ്യപ്പെട്ടത് സാധിക്കാതെ വരുമ്പോള്‍, സ്വന്തം വാശികള്‍ ജയിക്കാതായി വരുമ്പോള്‍ തുടങ്ങി ഇറങ്ങി പോകാന്‍ കാരണങ്ങളേറെയാണ്. ഇറങ്ങിപ്പോകുന്നവരില്‍ ഭൂരിഭാഗം പേരെയും മറ്റ് ജില്ലകളില്‍ നിന്നോ ബസ് സ്റ്റോപ്പുകളില്‍ നിന്നോ റെയില്‍വേ സ്റ്റേഷനില്‍ നിന്നോ ഒക്കെ പോലീസും നാട്ടുകാരും കുടുംബക്കാരുമൊക്കെ കണ്ടെത്താറുമുണ്ട്. എന്നാല്‍ സംസ്ഥാനം വിട്ട് മറ്റ് സ്ഥലങ്ങളിലേക്കു പോയാല്‍ കണ്ടെത്തുക പ്രയാസമാണുതാനും. പെണ്‍കുട്ടികളില്‍ കൂടുതലും പ്രണയബന്ധങ്ങളില്‍പ്പെട്ടാണ് ഇറങ്ങുന്നത്. പോക്സോ കേസുകളിലും ആത്മഹത്യയിലുമാണ് പലപ്പോഴും ഇപ്രകാരം ഇറങ്ങി പോകുന്നവരുടെ ജീവിതം എത്തിച്ചേരുന്നത്. ചിലകാരണങ്ങള്‍ എന്താണ് എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകുന്നത് താഴെപറയുന്നവയാണ്.

പ്രണയമില്ലേല്‍ നാണക്കേട്  :  എന്ത് നിനക്കൊരു ബോയ് ഫ്രണ്ടില്ലേ… ഗേള്‍ ഫ്രണ്ടില്ലേ… നാണമില്ലല്ലോ നിനക്ക്.. എന്നിങ്ങനെയുള്ള സമപ്രായക്കാരുടെ ഇടയിലെ മതിപ്പില്ലായ്മ. പ്രണയമില്ലേല്‍ നാണക്കേടാണോ? ആണെന്നാണ് കൗണ്‍സലിംഗിനെത്തുന്ന കുട്ടികള്‍ പറയുന്നത്. കൂട്ടുകാര്‍ക്കൊക്കെ പ്രണയമുണ്ട്, എനിക്കില്ല. അതുകൊണ്ട് ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട ആളുമായി പ്രണയത്തിലായി. രണ്ട് ദിവസത്തിനുള്ളില്‍ അയാള്‍ കാണാനെത്തുന്നു. പിന്നെ ആയാളോടൊപ്പം കറങ്ങാന്‍ പോകുന്നു. പരിചയം വളരുന്നു. പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ എന്ത് ചെയ്യാനും മടിയില്ല കുട്ടികള്‍ക്ക്. അവസാനം അത് പോക്സോ കേസിലെത്തും.  പിന്നെ കാര്യംകഴിയുന്ന ഇന്‍സ്റ്റ ഫ്രണ്ടിന് താല്പര്യം പോരെന്ന് തോന്നുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം.  ചിലപ്പോ പരിധിവിടുന്ന കേസുകള്‍ ആത്മഹത്യകളിലെത്തുന്നു. ഇങ്ങനെ നിരവധി കേസുകളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവല്ലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ഇത്തരമൊരു പ്രണയത്തില്‍ കുടുങ്ങി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവമുണ്ടായി. അതേസമയം ആണ്‍, പെണ്‍ സുഹൃത്ത് ബന്ധങ്ങളെ പ്രണയമായി തെറ്റിദ്ധരിച്ച്‌ കുട്ടികളോട് വഴക്കടിക്കുന്ന അദ്ധ്യപകരും രക്ഷിതാക്കളുമുണ്ട്. ഇതും കുട്ടികളെ മാനസീക സമ്മര്‍ദ്ദത്തിലാക്കുന്നു.

സുരക്ഷിതമല്ലാത്ത കുടുംബം : വഴക്കിട്ടും പെട്ടന്നൊരു ആവേശത്തില്‍ ഇറങ്ങി പോകുന്നവരും മാത്രമല്ല. സ്വന്തം കുടുംബത്തില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുള്ള കുട്ടികളും ഇതില്‍പ്പെടും. പത്തനംതിട്ട ജില്ലയിലെ പോക്സോ കേസുകളില്‍ ബന്ധുക്കളായവര്‍ പ്രതികളായി മാറുന്നത് സ്ഥിരമായിരിക്കുകയാണ്. പിതാവും അയാളുടെ സുഹൃത്തും അമ്മയുടെ സഹോദരനും അമ്മയുടെ സ്നേഹിതനും അയല്‍ക്കാരനും യാത്രകൊണ്ടുപോകുന്ന ഡ്രൈവര്‍മാരുമെല്ലാം ഇതില്‍പ്പെടും. ഇതില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമൊന്നുമില്ല.  അവരുടെ മനസ്സില്‍ ചിന്തകള്‍ മാറിവരുമ്പോള്‍, അത്  പെരുമാറ്റത്തിലൂടെ മനസ്സിലാക്കി തുടങ്ങുവാന്‍ കഴിഞ്ഞാല്‍ രക്ഷയായി.  ഇത്തരം അപകടകരമായ സാഹചര്യങ്ങളില്‍ പെട്ട് അതില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ നിരവധിയുണ്ട്. കൗണ്‍സലിംഗിന് ശേഷം ഇവരെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് നിലവില്‍ ചെയ്യുക. വീട്ടില്‍ കുട്ടികളോട് സംസാരിക്കാന്‍ നേരമില്ലാത്ത രക്ഷിതാക്കള്‍ വര്‍ദ്ധിച്ച്‌ വരികയാണ്. എല്ലാ ദിവസവും സ്കൂളിലെ വിവരം കുട്ടികളോട് ചോദിച്ചറിയുവാനും അവരെ കേള്‍ക്കുവാനും മാതാപിതാക്കളും തയ്യാറാകാത്ത അവസ്ഥയും ഉണ്ട്. അദ്ധ്യാപകരും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. കുട്ടികളുടെ പെരുമാറ്റത്തിലെ പോരായ്മയോ, ശാരീരികമായ അവസ്ഥകളെ അവര്‍ ശ്രദ്ധിക്കുന്നില്ല, പോര്‍ഷന്‍ തീര്‍ക്കുവാനുള്ള തിരക്കിലാണ്. കുട്ടികളെ കേള്‍ക്കുവാനവരും സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.

ജില്ലയില്‍ നിന്ന് ഒരുമാസം കാണാതാകുന്നവരുടെ എണ്ണം : ഒന്ന് മുതല്‍ അന്‍പത് വരെ. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. പേരന്റിംഗില്‍ വലിയ പിഴവ് സംഭവിക്കുന്നു. തെറ്റ് എന്താണെന്ന് പറഞ്ഞ് കൊടുക്കാനോ അവരോട് സംസാരിക്കാനോ രക്ഷിതാക്കള്‍ ശ്രമിക്കുന്നില്ല. അദ്ധ്യാപകരും രക്ഷിതാക്കളും സൗഹൃദങ്ങള്‍ തെറ്റിദ്ധരിക്കുന്നതും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

സ്കൂളുകളില്‍ നിന്ന് ഉണ്ടായി വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സൗഹൃദങ്ങള്‍ ഇന്ന് കുറവാണ്.  പരസ്പരം കുട്ടികളില്‍ സ്നേഹവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതോടൊപ്പം സാമൂഹ്യജീവിതത്തിന്റെ മഹിമകൂടി സിലബസുകള്‍ക്കതീതമായി സ്കൂളുകളില്‍ നിന്ന് പകര്‍ന്നു കൊടുക്കണം. കൂടുതല്‍ കുട്ടികളും സ്കൂളുവിട്ടാല്‍ ഓടി വീട്ടിലെത്താന്‍ വെമ്പലാണ്. കാരണം അവിടെ മൊബൈല്‍ ഫോണ്‍ കാത്തിരിക്കുന്നു.  സ്കൂളുകളില്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള കളികള്‍ക്കുള്ള ശാരീരിക ആയാസമൊന്നും വേണ്ട.  ഡാറ്റ തീരുമ്പോള്‍ മാതാപിതാക്കളെ സോപ്പിട്ടോ ഭീഷണിപ്പെടുത്തിയോ ചാര്‍ജ് ചെയ്യുന്നു.  അല്ലേല്‍ മാതാപിതാക്കള്‍ കുട്ടികള്‍ അടങ്ങിയിരുന്നോളുമെന്ന് കരുതി ചാര്‍ജ് ചെയ്ത് കൊടുക്കുന്നു.  ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കുന്നു.  ആരോഗ്യപരമായ സൗഹൃദങ്ങളും വായനയും കേള്‍വിയും മുന്‍കാലത്തെപ്പോലെ കാലാനുസൃതമായി വരേണ്ടിയിരിക്കുന്നു.

Related Articles

Check Also
Close
Back to top button