KeralaLatest

തിരുവനന്തപുരം നഗരസഭാ ബജറ്റ്, 322 കോടി അടിസ്ഥാന സൗകര്യത്തിന്

“Manju”

അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കി തിരുവനന്തപുരം നഗരസഭാ ബജറ്റ്. 322 കോടിരൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി മാറ്റിവച്ചിരിക്കുന്നത്. പാര്‍പ്പിട നിര്‍മ്മാണത്തിന് 125കോടിയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 43 കോടി രൂപയുമാണ് വകയിരുത്തിയത്.

1504 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 28 മേഖലയായി തരംതിരിച്ചാണ് പദ്ധതികള്‍. 10 പുതിയ മാതൃകാ റോഡ്, മാര്‍ക്കറ്റുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, പാര്‍ക്കിംഗ് ഏരിയ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാമുഖ്യം. കാര്‍ബണ്‍ രഹിത പദ്ധതിയ്ക്ക് 55 കോടി. 100 ഇലക്ട്രിക് ബസ്സുകള്‍ കെഎസ്ആര്‍ടിസിയ്ക്ക് നഗരസഭ വാങ്ങി നല്‍കും. തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കും. കാര്‍ബണ്‍ കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് 10 ശതമാനം നികുതി ഇളവ്. പാര്‍പ്പിട നിര്‍മ്മാണത്തിന് 125 കോടി. ലൈഫ് പദ്ധതിയില്‍ 2000 ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തുമെന്നും ഡെപ്യൂട്ടി മേയര്‍ പി.കെ രാജു ബജറ്റില്‍ പ്രഖ്യാപിച്ചു.

43 കോടി രൂപയുടെ മാലിന്യ പരിപാലന പദ്ധതിയില്‍ ഒരുലക്ഷം വീടുകളില്‍ ജൈവ അടുക്കള സ്ഥാപിക്കും. ഏഴുവര്‍ഷം കൊണ്ട് മുഴുവന്‍ വാര്‍ഡുകളിലും ഓടകള്‍ സ്ഥാപിക്കും. മാലിന്യനീക്കം നിരീക്ഷിക്കാന്‍ 24 മണിക്കൂര്‍ കോള്‍ സെന്ററുമുണ്ടാകും. കുടിവെള്ളവിതരണത്തിന് 28 കോടി. 10 സ്‌കൂളുകളില്‍ ഓപ്പണ്‍ ജിമ്മിനായി 2 കോടി ഉള്‍പ്പെടെ സമഗ്ര വിദ്യാഭ്യാസ പാക്കേജിന് 60 കോടി. ആരോഗ്യമേഖലയ്ക്ക് 58 കോടിയും കാര്‍ഷിക മേഖലയ്ക്ക് 28 കോടിയും. ഇരട്ട നഗരം പദ്ധതിയ്ക്കായി 12 കോടി. സമാധാന നഗരമായി മാറാന്‍ ഒരു കോടി. തീരദേശ സമഗ്രവികസനത്തിന് 28 കോടി. സുരക്ഷിത യാത്രയ്ക്കായി 98 സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കും.

Related Articles

Back to top button