KeralaLatest

ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്; അടിച്ചെടുത്തത് മൂന്ന് മൊബൈല്‍ ഫോണുകള്‍

തട്ടിപ്പിലൂടെ നയിക്കുന്നത് ആര്‍ഭാട ജീവിതം

“Manju”

മലപ്പുറം: എടക്കരയില്‍ ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് തൊഴിലാക്കിയ യുവാവ് എടക്കര പൊലീസിന്റെ പിടിയില്‍. എറണാംകുളം ഇടപ്പള്ളി വി.ടി.സി മാളിയേക്കല്‍ റോഡ് അമൃതംഗൗരി കിഷോര്‍ ശങ്കര്‍ (39) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 27ന് ചുങ്കത്തറയിലെ മൊബൈല്‍ ഷോപ്പുടമയില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

”ചെന്നൈയിലേക്ക് ബിസിനസ് ആവശ്യാര്‍ഥം ട്രെയിനില്‍ പോകുമ്പോള്‍ അതേ കമ്പാര്‍ട്ട്മെന്റില്‍ വച്ചാണ് മൊബൈല്‍ ഷോപ്പുടമ ഇയാളെ പരിചയപ്പെട്ടത്. താന്‍ കനറാ ബാങ്ക് മാനേജരാണെന്നും തിരുപ്പതിയിലേക്ക് ക്ഷേത്ര ദര്‍ശനത്തിന് പോവുകയാണെന്നുമാണ് കിഷോര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന ആളെ സുഹൃത്താണെന്നും ഡോക്ടറാണെന്നും ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിയാണെന്നും പരിചയപ്പെടുത്തിയിരുന്നു. തനിക്ക് മൂന്ന് മുന്തിയ ഫോണുകള്‍ ആവശ്യമുണ്ടെന്നും തിരിച്ചെത്തി മഞ്ചേരിയില്‍ ബാങ്ക് ഓഡിറ്റിന് വരുമ്പോള്‍ ഷോപ്പിലെത്തി ഓര്‍ഡര്‍ നല്‍കാമെന്നും ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് ഷോപ്പില്‍ മടങ്ങിയെത്തിയ ഉടമയെ തേടി കിഷോര്‍ ചുങ്കത്തറയിലെ കടയിലെത്തി. മൊബൈല്‍ ഫോണുകള്‍ വാങ്ങിയ ശേഷം ഗൂഗിള്‍പേ വഴി പണം അയക്കുകയും ചെയ്തു. എന്നാല്‍ പണം അക്കൗണ്ടില്‍ എത്തിയ മെസേജ് വന്നിട്ടില്ല എന്ന് ഷോപ്പുടമ പറഞ്ഞപ്പോള്‍ നെറ്റ് തകരാറാകും പണം കയറിക്കോളും എന്ന് പറഞ്ഞ് 27,000 രൂപ വില വരുന്ന മൂന്ന് ഫോണുകളുമായി പോകുകയായിരുന്നു. പിന്നീട് പണമാവശ്യപ്പെട്ട് വിളിക്കുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറി. ഇതിന് പുറമെ വലിയ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് പ്രൊസസിങ് ചാര്‍ജിലേക്കായി അയ്യായിരം രൂപ ആവശ്യപ്പെട്ട് വിളിക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് പല ഫോണ്‍ നമ്പറില്‍ നിന്നായി വാട്സ്ആപ്പ് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഷോപ്പുടമക്ക് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായത്.”

തുടര്‍ന്ന് ഷോപ്പുടമ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. എടക്കര പൊലീസും പ്രത്യേക അന്വേഷണ സംഘവും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതിയുടെ ചിത്രങ്ങള്‍ ലഭിച്ചു. ഇയാളുടെ ചിത്രം പുറത്ത് വിട്ടതോടെ ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ മഞ്ചേരി ടൗണിലെ മൊബൈല്‍ ഷോപ്പില്‍ എത്തിയതായി പൊലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന് മഞ്ചേരി പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ എടക്കരയിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി തട്ടിപ്പുകള്‍ നടത്തി ആര്‍ഭാട ജീവിതം നയിച്ചുവരുന്ന ആളാണെന്ന് വ്യക്തമായി. ചുങ്കത്തറ ഷോപ്പുടമയെ കബളിപ്പിച്ച് കൈക്കലാക്കിയ ഫോണുകള്‍, വിവിധ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകള്‍, വിസിറ്റിങ് കാര്‍ഡ്കള്‍, ലോണ്‍ അപേക്ഷ ഫോറങ്ങള്‍ എന്നിവ പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Related Articles

Back to top button