IndiaLatest

ഇന്ത്യയ്ക്ക് വേണ്ടി 5 മെഡൽ; മകന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച്‌ നടന്‍മാധവന്‍

“Manju”

രാജ്യത്തിന് വീണ്ടും അഭിമാനമായി നടന്‍ ആര്‍. മാധവന്റെ മകന്‍ വേദാന്ത് മാധവന്‍. മലേഷ്യയില്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയ്‌ക്കുവേണ്ടി വേദാന്ത് തിളങ്ങിയത്. നീന്തലില്‍ 50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍ എന്നിങ്ങനെ 5 സ്വര്‍ണ്ണ മെഡലുകളാണ് വേദാന്ത് നേടിയത്. മലേഷ്യയില്‍ 5 സ്വര്‍ണ്ണം നേടിയതിന് തന്റെ മകന്‍ വേദാന്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കിട്ടുകൊണ്ട് മാധവന്‍ രംഗത്തുവന്നു.

മകന്റെ വിജയത്തില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നു താരം പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ താരം തന്റെ മകന്റെ ചിത്രം പങ്കുവെച്ചു. മാധവന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമുള്‍പ്പടെ നിരവധിപേരാണ് വേദാന്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വേദാന്ത് വിജയക്കുതിപ്പിലാണ്. ദേശീയ, രാജ്യാന്തര തലങ്ങളില്‍ നിരവധി മെഡലുകളാണ് വേദാന്ത് നേടിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഖേലോ ഇന്ത്യ 2023 മത്സരത്തില്‍ അഞ്ച് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം ഏഴു മെഡലാണ് വേദാന്ത് നേടിയത്. കഴിഞ്ഞ വര്‍ഷം കോപ്പന്‍ഹേഗനില്‍ നടന്ന ഡാനിഷ് ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വേദാന്ത് രാജ്യത്തിനായി സ്വര്‍ണം, വെള്ളി മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. 2022 ല്‍ തന്നെ 48-ാമത് ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ ജൂനിയര്‍ നീന്തല്‍ റെക്കോര്‍ഡ് തകര്‍ത്തു. കൂടാതെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍ മത്സരത്തില്‍ വിജയിച്ചു.

അതേസമയം ഒളിമ്പിക്‌സാണ് വേദാന്തിന്റെ ലക്ഷ്യം. ഭാരതത്തിന് വേണ്ടി വേദാന്ത് ഒളിമ്പിക് മെഡല്‍ നേടുന്നതിനായി കാത്തിരിക്കുകയാണ് മാധവന്റെ ആരാധകര്‍. നീന്തലില്‍ മകന് വിദഗ്ധ പരിശീലനം ലഭ്യമാക്കാന്‍ രണ്ട് വര്‍ഷം മുമ്പ് മാധവന്‍ കുടുംബസമേതം ദുബായിലേക്ക് താമസം മാറിയിരിക്കുകയാണ്.

Related Articles

Back to top button