KeralaLatest

വന്ദേഭാരത് ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി

“Manju”

കോഴിക്കോട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം കണ്ണൂര്‍ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. 7 മണിക്കൂര്‍ 10 മിനിട്ടുകൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്‌റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്.

ആദ്യത്തെ പരീക്ഷണ ഓട്ടത്തില്‍ തന്നെ ഏഴ് മണിക്കൂര്‍ 10 മിനിറ്റില്‍ ഓടിയെത്താനായി. ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടന്നേക്കും. അപ്പോഴേക്കും സ്‌റ്റോപ്പുകള്‍ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാന്‍ കഴിഞ്ഞേക്കും. ചുരുക്കത്തില്‍ വന്ദേഭാരതില്‍ ഏഴ് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരംകണ്ണൂര്‍ യാത്ര സാധ്യമായേക്കും. ഇനി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചും പരീക്ഷണഓട്ടം നടത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു.

ട്രയല്‍റണ്ണിനിടെ വന്ദേഭാരത് എക്‌സ്പ്രസ് വിവിധ സ്റ്റേഷനുകളിലെത്തിയ സമയം:

തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10-ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ ആറിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് ട്രയല്‍റണ്ണില്‍ തിരുവനന്തപുരം കൊല്ലം യാത്രയ്ക്ക് എടുത്തത്.

7.25-ന് കോട്ടയം റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി. രണ്ടേകാല്‍ മണിക്കൂറാണ് ട്രയല്‍റണ്ണില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം കോട്ടയം യാത്രയ്‌ക്കെടുത്തത്.

കോട്ടയത്തുനിന്ന് 7.30 ന് യാത്രതിരിച്ച വന്ദേഭാരത് എക്സ്പ്രസ് 8.30ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെത്തി. കൃത്യം ഒരു മണിക്കൂറാണ് കോട്ടയം എറണാകുളം യാത്രയ്ക്കെടുത്തത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് പുതിയ രണ്ട് ലോക്കോ പൈലറ്റുമാര്‍ കയറി.

9.37 ന് ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷനിലെത്തി. ഒരുമിനിറ്റ് മാത്രം തൃശ്ശൂരില്‍ നിര്‍ത്തിയ ട്രെയിന്‍ ഷൊര്‍ണൂരിലേക്ക് യാത്രതിരിച്ചു. 4 മണിക്കൂര്‍20 മിനിട്ടാണ് തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്താന്‍ എടുത്തത്.

തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ 10.46-ന് എത്തി. 10.49-ന് അവിടെനിന്ന് യാത്ര തുടര്‍ന്നു. തിരൂര്‍ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകരും തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്സും വന്ദേഭാരത് എക്സ്പ്രസിന് സ്വീകരണം നല്‍കി.

തീവണ്ടി 11.17 ന് കോഴിക്കോടെത്തി. ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിന്‍ തിരുവനന്തപുരംകോഴിക്കോട് യാത്രയ്ക്ക് എടുത്തത്.

ട്രെയിന്‍ 12.20 ന് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തി.

Related Articles

Back to top button