KeralaLatest

ഫ്രീക്കന്മാരുടെ ബൈക്കിലെ അഭ്യാസപ്രകടനം വൈറലായി; വീടുകളിലെത്തി യുവാക്കളെ പൊക്കി മോട്ടോര്‍വാഹന വകുപ്പ്

“Manju”

കൊല്ലം : കൊല്ലത്ത് ബൈക്കില്‍ സാഹസിക അഭ്യാസം നടത്തിയ ഫ്രീക്കന്മാരെ പൊലീസും മോട്ടോര്‍വാഹന വകുപ്പും നാടകീയമായി പിടികൂടി.
ബൈക്കഭ്യാസപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെയാണ് വീട്ടിലെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തത്. അഭ്യാസം നടത്തിയ അഞ്ച് ബൈക്കുകളും മോട്ടര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ( bike stunt in kollam case against five people ).
റോഡിലൂടെ ഈ അഭ്യാസം കാട്ടിയപ്പോള്‍ വീട്ടില്‍ കയറി പൊലീസ് പൊക്കുമെന്ന് ഫ്രീക്കന്മാര്‍ വിചാരിച്ചതേയില്ല. റോഡിലൂടെ അഭ്യാസപ്രകടനം നടത്തി, മറ്റ് യാത്രക്കാര്‍ക്ക് തടസങ്ങള്‍ സൃഷ്ടിച്ച്‌ അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചപ്പോള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
പക്ഷേ അതേ വേഗതയില്‍ മോട്ടര്‍ വാഹന വകുപ്പും നടപടിയിലേക്ക് കടന്നതോടെയാണ് ഫ്രീക്കന്‍ന്മാര്‍ വെട്ടിലായത്. സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഫ്രീക്കന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ വീട്ടിലെത്തിയാണ് കയ്യോടെ പിടികൂടിയത്. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം പൊലീസും ചേര്‍ന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
അഞ്ച് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. അഞ്ചുപ്പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 66000 രൂപയാണ് പിഴയായി ഈടാക്കിയത്. പണം അടച്ചാല്‍ ബൈക്കുകള്‍ വിട്ടുകൊടുക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button