IndiaLatest

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അവിസ്മരണീയ നിമിഷങ്ങള്‍ പങ്കുവെച്ച്‌ ഉണ്ണി മുകുന്ദന്‍

“Manju”

 

കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനായതിന്റെ സന്തോഷം പങ്കുവെച്ച്‌ നടന്‍ ഉണ്ണി മുകുന്ദന്‍. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ ഉണ്ണി മുകുന്ദനും സന്നിഹിതനായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണുന്നതിനുള്ള അവസരം ലഭിച്ചത്. പ്രധാനമന്ത്രിയുമായി 45 മിനിറ്റ് സംസാരിച്ചുവെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണിമുകുന്ദന്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചു.

ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല. അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. അങ്ങ് നല്‍കിയ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവൃത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ജയ് ശ്രീകൃഷ്ണന്‍‘ – എന്നാണ് ഉണ്ണി മുകുന്ദന്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചത്.

24 വര്‍ഷത്തോളം ഗുജറാത്തില്‍ താമസിച്ചിരുന്ന ഉണ്ണിമുകുന്ദനോട് അവിടുത്തെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. തന്നെപ്പറ്റി പല കാര്യങ്ങളും മനസിലാക്കിയാണ് അദ്ദേഹം സംസാരിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ‘എന്നെപ്പറ്റി പലകാര്യങ്ങളും മനസിലാക്കിയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെ നിന്ന് ആദ്യമായി കാണുന്നത്. അന്ന് സിഎമ്മായി കണ്ടയാളെ ഇന്ന് പിഎമ്മായി കാണാന്‍ സാധിച്ചല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു. ഗുജറാത്തിയില്‍ സിനിമ ചെയ്യാനും അദ്ദേഹം ക്ഷണിച്ചു.’ – പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച്‌ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സിനിമ താരങ്ങളായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് എന്നിവരും യുവം പരിപാടിയുടെ വേദിയില്‍ സന്നിഹിതരായിരുന്നു. നവ്യാ നായരുടെയും സ്റ്റീഫന്‍ ദേവസ്യയുടെയും കലാപരിപാടികള്‍ ഇതിന്റെ ഭാഗമായി നടന്നിരുന്നു. സുരേഷ് ഗോപി, പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നീ പ്രമുഖരും ബിജെപി നേതാക്കളും വേദിയുടെ ഭാഗമായി.

Related Articles

Back to top button