Uncategorized

രഞ്ജിട്രോഫി; കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്

“Manju”

ഝാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് ന്നാം ഇന്നിംഗ്‌സ്‌ ലീഡ്. ആദ്യ ഇന്നിംഗ്‌സില്‍ ഝാര്‍ഖണ്ഡ് 340 റണ്‍സിന് പുറത്തായതോടെയാണ് കേരളം 135 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയത്. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് 475 റണ്‍സിന് അവസാനിച്ചിരുന്നു. ഏഴാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും സിജോമോന്‍ ജോസഫും ചേര്‍ന്ന് നേടിയ 171 റണ്‍സാണ് കേരളത്തിന് കൂറ്റര്‍ സ്‌കോര്‍ സമ്മാനിച്ചത്. അക്ഷയ് ചന്ദ്രന്‍ 150 റണ്‍സും സിജോ മോന്‍ ജോസഫ് 83 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഝാര്‍ഖണ്ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 114 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ നാല് വിക്കറ്റ് നഷ്ടമായ ഝാര്‍ഖണ്ഡിനെ സൗരഭ് തിവാരിയും ഇഷാന്‍ കിഷനും ചേര്‍ന്ന അഞ്ചാംവിക്കറ്റ് കൂട്ടുകെട്ട് തകര്‍ച്ചയില്‍ നിന്നും കരകയറ്റുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 202 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ജലക് സക്‌സേനയുടെ ഇരട്ടപ്രഹരത്തില്‍ സൗരഭ് തിവാരിയും ഇഷാന്‍ കിഷനും വീണതോടെ കേരളം മത്സരത്തിലേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു. 16 റണ്‍സിന്റെ ഇടവേളകളിലായിരുന്നു അടിച്ചു തകര്‍ത്ത് മുന്നേറിയിരുന്ന സൗരഭ് തിവാരിയെയും ഇഷാന്‍ കിഷനെയും ഝാര്‍ഖണ്ഡിന് നഷ്ടമായത്. 132 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ ആറാമനായി പുറത്താകുമ്പോള്‍ ഝാര്‍ഖണ്ഡിന്റെ ടോട്ടല്‍ സ്‌കോര്‍ 329 റണ്‍സായിരുന്നു. 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഝാര്‍ഖണ്ഡിന്റെ ശേഷിച്ച നാലുവിക്കറ്റുകളും നഷ്ടമായി. വൈശാഖ് ചന്ദ്രനും ബേസില്‍ തമ്പിയും മുന്‍നിരയെ വീഴ്ത്തിയപ്പോള്‍ ഝാര്‍ഖണ്ഡിന്റെ നടുവൊടിച്ചത് ജലക് സക്‌സേനയായിരുന്നു. കേരളത്തിനായി ജലക് സക്‌സേന 5 വിക്കറ്റും ബേസില്‍ തമ്പി 3 വിക്കറ്റും വൈശാഖ് ചന്ദ്രന്‍ 2 വിക്കറ്റും സ്വന്തമാക്കി.

മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നേടിയിട്ടുണ്ട്. 6 റണ്‍സ് നേടിയ റോഹന്‍ കുന്നമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. റോഹന്‍ പ്രേം 25 റണ്‍സുമായും ഷോണ്‍ റോജര്‍ 28 റണ്‍സുമായും ക്രീസിലുണ്ട്. ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉള്‍പ്പെടെ കേരളത്തിന് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ കേരളത്തിന് 195 റണ്‍സിന്റെ ലീഡുണ്ട്. നാലാം ദിനം ലഞ്ച് വരെ വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് 350 റണ്‍സിന് മേല്‍ വിജയലക്ഷ്യം കുറിച്ച് ഝാര്‍ഖണ്ഡിനെ വീണ്ടും ബാറ്റിംഗിനിറക്കി വിജയം നേടി പോയിന്റ് നിലയില്‍ നേട്ടമുണ്ടാക്കാന്‍ കേരളം ശ്രമിച്ചാല്‍ മത്സരം ആവേശകരമാകും. ബാറ്റിഗ് തകര്‍ച്ചയില്ലാതെ പിടിച്ചു നില്‍ക്കാനാണ് കേരളം ശ്രമിക്കുന്നതെങ്കില്‍ വിരസമായ സമനിലയാകും ഫലം. ആദ്യ ഇന്നിംഗ്‌സിലെ ലീഡ് കേരളത്തിന് പോയിന്റ് നിലയിലും പ്രതിഫലിക്കുമെന്നതിനാല്‍ മത്സരം പരാജയപ്പെടാതിരിക്കാനാവും കേരളം പരിശ്രമിക്കുക.

 

Related Articles

Back to top button