KeralaLatest

നെടുങ്കണ്ടത്ത് മദ്യപന്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും ആക്രമിച്ചു

“Manju”
നെടുങ്കണ്ടത്ത് മദ്യപന്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും ആക്രമിച്ചു

നെടുങ്കണ്ടം: കൊട്ടാരക്കരയിലെ നടുക്കുന്ന സംഭവത്തിനു പിന്നാലെ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയിലും അതിക്രമം. അടിപിടി കേസിനെത്തുടര്‍ന്ന്‌ പോലീസ്‌ വൈദ്യപരിശോധനക്കെത്തിച്ച മദ്യപനായ യുവാവ്‌ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും ആക്രമിച്ചു. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്‌ വന്‍ ദുരന്തം ഒഴിവായത്‌.
ബുധനാഴ്‌ച രാത്രി എട്ടോടു കൂടിയാണ്‌ സംഭവം. ബി.എഡ്‌. കോളജ്‌ ജങ്‌ഷനില്‍ നെടുങ്കണ്ടം സ്വദേശി പ്രവീണും കൂടെ ജോലിചെയ്യുന്നവരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ സമീപത്തെ വാഹനങ്ങള്‍ തകര്‍ത്തതിനെത്തുടര്‍ന്നു പ്രവീണും വാഹന ഉടമകളും തമ്മില്‍ അടിപിടിയുണ്ടായി.
സംഘര്‍ഷത്തില്‍ തലയ്‌ക്ക്‌ അടിയേറ്റ പ്രവീണ്‍ നിലത്തുവീണു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസും നാട്ടുകാരും ചേര്‍ന്നു വാഹനത്തില്‍ കയറ്റി പ്രവീണിനെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. മദ്യലഹരിയില്‍, അക്രമാസക്‌തനായിരുന്ന പ്രവീണ്‍ പോലീസുകാരെയും ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു. ഇയാള്‍ അക്രമാസക്‌തനാണെന്നും സഹകരിച്ചാല്‍ മാത്രമേ ചികിത്സിക്കാനാവൂ എന്നും ഡോക്‌ടര്‍ പോലീസിനെ അറിയിച്ചു. ഇതിനിടെ പോലീസിനെ വെട്ടിച്ച്‌ പ്രവീണ്‍ പുറത്തേക്ക്‌ ഓടി. മല്‍പ്പിടുത്തത്തിലൂടെ പിടികൂടി പോലീസ്‌ സഹായത്തോടെ കട്ടിലില്‍ ബന്ധാണ്‌ ചികിത്സ നടത്താനായത്‌. തലയ്‌ക്ക്‌ സ്‌റ്റിച്ചിട്ട ശേഷം പ്രവീണിനെ ഇടുക്കി മെഡിക്കല്‍ കോളജിലേക്കും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ നെടുങ്കണ്ടത്തു പ്രതിഷേധം പ്രകടനം നടത്തി. അതേ സമയം യുവാവിനെതിരേ കേസെടുത്തില്ലെന്ന്‌ ആക്ഷേപമുണ്ട്‌. തുടര്‍ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റിയതിനാലാണു കേസ്‌ എടുക്കാത്തതെന്നും ഇന്ന്‌ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും നെടുങ്കണ്ടം സി.: ബി.എസ്‌. ബിനു പറഞ്ഞു.

 

Related Articles

Back to top button