IndiaKeralaLatest

സി.ബി.എസ്.ഇ പരീക്ഷാഫലം, പത്തിലും, 12ലും കേരളം രാജ്യത്ത് ഒന്നാമത്

“Manju”

ന്യൂഡല്‍ഹി/കൊച്ചി: സി.ബി.എസ്.10, 12 ക്ളാസ് പരീക്ഷാഫലത്തില്‍ കേരളവും ലക്ഷദ്വീപും ഉള്‍പ്പെട്ട തിരുവനന്തപുരം മേഖല ഇക്കുറിയും ഒന്നാംസ്ഥാനത്ത്. ഇരുവിഭാഗങ്ങളിലും വിജയശതമാനം 99.91. പതിനാറ് മേഖലകളിലെ ഏറ്റവും ഉയര്‍ന്ന വിജയശതമാനമാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 12, 10 ക്ളാസുകളിലെ വിജയത്തില്‍ കേരളമാണ് മുന്നില്‍.

ദേശീയ തലത്തില്‍ 12-ാം ക്ളാസില്‍ 87.33, പത്തില്‍ 93.12 ശതമാനമാണ് വിജയം. യഥാക്രമം 92.71, 94.40 ആണ് കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. ഇന്ത്യയിലും 26 രാജ്യങ്ങളിലുമായി 28,471 സ്കൂളുകളിലായി 21,65,805 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പത്താംക്ളാസ് പരീക്ഷയെഴുതിയത്. വിജയശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍– 94.25. ആണ്‍കുട്ടികളില്‍ 92.27 %. സപ്ളിമെന്ററി പരീക്ഷ ജൂലായില്‍. മേയ് 16മുതല്‍ റീവാല്യുവേഷന് അപേക്ഷിക്കാം.

16.9 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ 12-ാം ക്ളാസിലും പെണ്‍കുട്ടികളാണ് മുന്നില്‍– 90.68%. ആണ്‍കുട്ടികളുടേത് 84.67ശതമാനം. അഞ്ച് വിഷയങ്ങളില്‍ ഒന്നില്‍ 33 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയവര്‍ ജൂലായില്‍ നടക്കുന്ന കമ്ബാര്‍ട്ട്മെന്റ് പരീക്ഷ പാസാകണമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് അറിയിച്ചു.നേരത്തെ ഫലം പ്രഖ്യാപിച്ചത് ഉന്നതപഠനത്തിനും മത്സരപ്പരീക്ഷകള്‍ക്കും തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാകും.

 

Related Articles

Back to top button