LatestThiruvananthapuram

ആശുപത്രി സംരക്ഷണ നിയമം ; ഏഴ് വർഷം തടവും ഒരു ലക്ഷം പിഴയും

“Manju”

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന അക്രമങ്ങളിൽ കുറ്റവാളികൾക്ക് ഏഴ് വർഷം വരെ തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം ശിക്ഷയും പിഴ രണ്ട് ലക്ഷത്തിന് മുകളിലേക്കും ഉയർന്നേക്കും. ഈ ഭേദഗതികൾ ഉൾപ്പെടുത്തിയുള്ള ഓർഡിൻസിന്റെ കരട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെയും ആരോഗ്യ, നിയമ മന്ത്രിമാരുടെയും ഓഫീസുകൾക്ക് കൈമാറി. നിയമ, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാർ കൂടിയാലോചിച്ചാണ് കരട് ബിൽ തയാറാക്കിയത്. തുടർ നടപടികൾക്ക് ശേഷം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് ഇറക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ആക്ടിലാണ് മാറ്റം വരുത്തുന്നത്. നിലവിലെ നിയമത്തിലെ സെക്ഷൻ 4 അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവർത്തകർക്കു നേരെയോ ആക്രമണം നടത്തിയാൽ മൂന്നു വർഷംവരെ തടവും 50000രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായ ഡോ.വന്ദനാദാസ് കൊലചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്. മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർത്ഥികളെയും അവരുടെ പഠന സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. കേസുകൾ ഒരുവർഷത്തിനുള്ളിൽ വിചാരണ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളും കരടിലുണ്ടെന്നാണ് വിവരം.

ഒരു മണിക്കൂറിനകം എഫ്‌.ഐ.ആർ

പരാതികൾ ലഭിച്ചാൽ ഒരു മണിക്കൂറിനകം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണം എന്നതാണ് ഒരു നിർദേശം.

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.

എഫ്‌.ഐ,ആർ രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനുള്ളിൽ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.

ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചാൽ നഷ്ടപരിഹാരം വിലയുടെ രണ്ടിരട്ടിയിലധികമാക്കണം.

വാക്കാലുള്ള അധിക്ഷേപം, സൈബർ അധിക്ഷേപം തുടങ്ങിയവയും നിയമപരിധിയിൽ വന്നേക്കും.

വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ഫാസ്ട്രാക്ക് കോടതികളുടെ സാദ്ധ്യത ആരായണം.

 

Related Articles

Back to top button