KeralaLatest

മോദിക്ക് ഹിരോഷിമയില്‍ ഗംഭീര വരവേല്‍പ്

നെഹ്‌റുവിന് ശേഷം ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

“Manju”

ടോക്കിയോ : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ ജപ്പാനിലെ ഹിരോഷിമയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര വരവേല്‍പ്പ്. വൈകിട്ട് വിമാനത്താവളത്തില്‍ എത്തിയ മോദിയെ മുതിര്‍ന്ന ജാപ്പനീസ്, ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് താമസ സ്ഥലമായ ഹിരോഷിമയിലെ ഷെറാട്ടണ്‍ ഹോട്ടലിലേക്ക് പോയ മോദി അവിടെ തന്നെ കാത്തുനിന്ന ഇന്ത്യന്‍ വംശജരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പതാകയേന്തി നിന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹസ്തദാനം നല്‍കിയ മോദി അവര്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. യു.എസ്, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യു.കെ എന്നീ ഏഴ് സമ്ബന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. അദ്ധ്യക്ഷ പദവി വഹിക്കുന്ന ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം അതിഥിയായി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി മൂന്ന് ഔദ്യോഗിക സെഷനുകളില്‍ സംസാരിക്കും.

ഇതില്‍ രണ്ടെണ്ണം ഇന്നാണ്. ആഹാരം, ആരോഗ്യം, വികസനം, ലിംഗ സമത്വം എന്നിവയുമായി ബന്ധപ്പെട്ടതാണ് ആദ്യത്തേത്. കാലാവസ്ഥ, ഊര്‍ജം, പരിസ്ഥിതി എന്നീ വിഷയങ്ങളാണ് രണ്ടാമത്തേതില്‍. സമാധാനം പ്രധാന വിഷയമാകുന്ന സെഷനാണ് നാളെ.

ഹിരോഷിമയില്‍ അദ്ദേഹം ഇന്ന് മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യും. ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. നാളെ ജപ്പാനില്‍ നിന്ന് മടങ്ങുന്ന മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിലേക്ക് തിരിക്കും.

അതേ സമയം, 1957ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഹിരോഷിമ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ലോകത്താദ്യമായി ആണവാക്രമണമുണ്ടായ സ്ഥലമാണ് ഹിരോഷിമ. രണ്ടാം ലോകമഹായുദ്ധത്തിനിടെ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബുകള്‍ 226,000 ത്തോളം മനുഷ്യരുടെ ജീവനാണ് കവര്‍ന്നത്.

 

Related Articles

Back to top button