എമിറേറ്റ്സ് എയര്‍ലൈനില്‍ 6000 തൊഴില്‍ അവസരങ്ങള്‍
ദുബൈ: എമിറേറ്റ്സ് യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു . പൈലറ്റ്, ക്യാബിന് ക്രൂ, എന്‍ജിനീയറിംങ് സ്പെഷ്യലിസ്റ്റ്, മറ്റ് ജീവനക്കാര്‍ എന്നിവരെ നിയമിക്കാനാണ് പദ്ധതി. കോവിഡ് രൂക്ഷമായ സമയത്ത് എമിറേറ്റ്സ് ഉള്‍പെടെയുള്ള എയര്‍ലൈനുകള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
സര്‍വീസുകള്‍ പഴയനിലയിലേക്ക് തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനസ്ഥാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബറില്‍ 3000 ക്യാബിന് ക്രുവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കുമെന്ന് എമിറേറ്റ് അറിയിച്ചിരുന്നു. ദുബൈയില്‍ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.
എമിറേറ്റ്സിന്റെ വെബ്സൈറ്റില്‍ (emirates.com) ഏറ്റവും താഴെയെത്തിയാല്‍ കരിയര്‍ എന്ന ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്ത് യൂസര്‍ നെയിമും പാസ്വേഡും നല്‍കണം. പുതിയതായി സൈറ്റിലെത്തുന്നവര്‍ക്ക് പുതിയ യൂസര്‍നെയിമും പാസ്വേഡും നല്‍കാനുള്ള സംവിധാനമുണ്ട്. ഓരോ ഒഴിവുകളുടെയും വിവരങ്ങളും ശമ്പള വിവരങ്ങളും ഇവിടെ നല്‍കിയിട്ടുണ്ട്. അവ പരിശോധിച്ച ശേഷം അപേക്ഷിക്കാം.
ക്യാബിന് ക്രൂവിന് 9770 ദിര്‍ഹമാണ് (ഏകദേശം രണ്ട് ലക്ഷം രൂപ) ശമ്പളം. 80 മുതല്‍ 100 മണിക്കൂര്‍ വരെയാണ് ഒരു മാസം ജോലി. സമയത്തിന് അനുസരിച്ച് ശമ്പളത്തില്‍ മാറ്റം വരും. കാപ്റ്റന്‍മാര്‍ക്ക് ഓരോ വിമാനത്തിനും അനുസരിച്ച് ശമ്പളത്തില്‍ മാറ്റമുണ്ടാകും. എ 380, ബോയിങ് 777 എന്നിവയിലെ ക്യാപ്റ്റന്മാര്ക്ക് 43,013 ദിര്‍ഹം (ഒമ്പത് ലക്ഷം രൂപ) മുതലാണ് ശമ്പളം. 85 മണിക്കൂറാണ് ജോലി.