InternationalLatest

വിഷാദത്തിനും ശസ്ത്രക്രിയ, രോഗം ഭേദമായത് ഓസ്ട്രേലിയന്‍ വനിതയ്ക്ക്

“Manju”

മുംബയ് : മസ്‌തിഷ്‌ക ശസ്‌ത്രക്രിയയിലൂടെ വിഷാദരോഗം സുഖപ്പെടുത്തി മുംബയ് ജസ്‌ലോക് ആശുപത്രിയിലെ ന്യൂറോ സര്‍ജൻ ഡോ.പരേഷ് ദോഷി. വര്‍ഷങ്ങളായി വിഷാദ രോഗിയായിരുന്ന ഓസ്‌ട്രേലിയൻ വനിതയ്ക്കാണ് (38) ശസ്‌ത്രക്രിയ നടത്തിയത്. ഇന്ത്യയില്‍ പുതിയ മാനസികാരോഗ്യ നിയമം 2017ല്‍ വന്ന ശേഷം നടത്തുന്ന ആദ്യ മാനസിക രോഗ ശസ്‌ത്രക്രിയയാണിത്. നിയമം വരുന്നതിന് മുമ്പ് ഡോ. പരേഷ് ദോഷി ജസ്‌ലോകില്‍ തന്നെ നടത്തിയ മൂന്ന് വിഷാദരോഗ ശസ്‌ത്രക്രിയകളും വിജയമായിരുന്നു. അതില്‍ രണ്ടും ഓസ്ട്രേലിയക്കാരായിരുന്നു. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 38കാരിയും എത്തിയത്. മേയ് 28നായിരുന്നു ശസ്‌ത്രക്രിയ. ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ സര്‍ജറി ( ഡി. ബി. എസ് ) ഓസ്ട്രേലിയയില്‍ അനുവദിച്ചിട്ടില്ല.

ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റായിരുന്ന ഇവര്‍ രോഗം കാരണം ഏഴ് വര്‍ഷമായി ജോലിക്ക് പോയിട്ടില്ല. 20 തരം ആന്റി ഡിപ്രസന്റ് ഗുളികകള്‍ മാറിമാറി കഴിച്ചു. അഞ്ചെണ്ണം ഉയര്‍ന്ന ഡോസില്‍ കഴിച്ചു. ഇലക്‌ട്രോ കണ്‍വള്‍സീവ് തെറാപ്പി, കോഗ്നിറ്റിവ് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി എന്നിവയും ഫലിച്ചില്ല.

ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ സര്‍ജറി

തലച്ചോറിനെ ഉത്തേജിപ്പിച്ച്‌ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാൻ തലച്ചോറിനകത്ത് ഇലക്‌ട്രോഡുകള്‍ സ്ഥാപിക്കും. രോഗിയെ മയക്കാതെയാണ് ശസ്‌ത്രക്രിയ. ഇലക്‌ട്രോഡുകള്‍ വയ്ക്കുമ്പോള്‍ മസ്‌തിഷകത്തിന്റെ പ്രതികരണം രേഖപ്പെടുത്താനാണിത്.

മനോരോഗ ശസ്‌ത്രക്രിയയ്‌ക്ക് ( സൈക്കോ സര്‍ജറി ) അതത് സംസ്ഥാനത്ത് പ്രത്യേകം രൂപം നല്‍കുന്ന മെന്റല്‍ ഹെല്‍ത്ത് ബോര്‍ഡിന്റെ അനുമതി വേണം. മുമ്പ് ആശുപത്രിയുടെ മെഡിക്കല്‍ ബോര്‍ഡ് മതിയായിരുന്നു. ഓസ്ട്രേലിയൻ വനിതയ്‌ക്ക് അനുമതി കിട്ടാൻ പത്തു മാസമെടുത്തു. കര്‍ണ്ണാടകത്തിലും മുമ്പ് വിഷാദ രോഗ ശസ്‌ത്രക്രിയകള്‍ നടന്നിട്ടുണ്ട്.

 

Related Articles

Back to top button