IndiaLatest

ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞതിന് ക്ലാസ് ലീഡറിന്റെ വെള്ളത്തില്‍ വിഷം കലര്‍ത്തി

സംഭവത്തില്‍ രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

“Manju”

 

കോയമ്ബത്തൂര്‍: ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തമിഴ്‌നാട്ടിലെ സേലത്തെ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ലീഡറുടെ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞതിനെ തുടര്‍ന്നാണ് സഹപാഠികള്‍ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വിഷം കലര്‍ത്തിയ വെള്ളം കുടിച്ച വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച ശങ്കഗിരി സര്‍ക്കാര്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക അടുത്ത ദിവസത്തേക്കുള്ള ഹോം വര്‍ക്ക് നല്‍കുകയും രണ്ട് വിദ്യാര്‍ഥികള്‍ക്ക് അത് ചെയ്യാൻ കഴിയാതെ വരികയും ചെയ്തിരുന്നു.

ക്ലാസ് ലീഡര്‍ ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇതോടെ ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക രണ്ടുവിദ്യാര്‍ഥികളെ ശിക്ഷിച്ചു. ഇതില്‍ പ്രകോപിതരായാണ് രണ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്ലാസ് ലീഡറായ കുട്ടിയുടെ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തിയത്.

ക്ലാസ് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് ക്ലാസ് ലീഡറായ കുട്ടി വാട്ടര്‍ ബോട്ടില്‍ തുറന്ന് വെള്ളം കുടിച്ചത്. വെള്ളം കുടിച്ചപ്പോള്‍ അസാധാരണമായ രുചിയും മണവും ഉണ്ടായിരുന്നു. ഇക്കാര്യം മറ്റൊരു സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവത്തെക്കുറിച്ച്‌ ക്ലാസ് ടീച്ചറെ അറിയിച്ചത്. വാട്ടര്‍ ബോട്ടില്‍ പരിശോധിച്ച അധ്യാപിക, വെള്ളത്തില്‍ എന്തോ കലര്‍ത്തിയിട്ടുണ്ടെന്ന് മനസിലായി. ഉടൻ തന്നെ വെള്ളം കുടിച്ച വിദ്യാര്‍ഥിയെ സേലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതിനിടെ സംശയം തോന്നിയ അധ്യാപിക, ഹോംവര്‍ക്ക് ചെയ്യാതെ വന്ന വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തിയ കാര്യം അവര്‍ അധ്യാപികയോട് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ പ്രഥമാധ്യാപകൻ സംഭവം പോലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി, വാട്ടര്‍ ബോട്ടിലിലുള്ള വെള്ളം ലാബോറട്ടറിയില്‍ അയച്ച്‌ പരിശോധിച്ചു. പരിശോധനയില്‍ വെള്ളത്തില്‍ വിഷവസ്തു കലര്‍ത്തിയതായി കണ്ടെത്തി. തുടര്‍ന്ന് വിഷം കലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഐപിസി സെക്ഷൻ 328 (വിഷം ഉപയോഗിച്ച്‌ മുറിവേല്‍പ്പിക്കല്‍ മുതലായവ) പ്രകാരം കേസെടുത്തു.

 

Related Articles

Back to top button