KeralaLatest

ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും; മുഖ്യമന്ത്രി

“Manju”

ക്രൈംബ്രാഞ്ചിനും വിജിലൻസിനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കും :  മുഖ്യമന്ത്രി

ശ്രീജ.എസ്

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയില്‍ ക്രൈംബ്രാഞ്ച് ആസ്ഥാന മന്ദിരത്തിന്റെയും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസുകളുടെയും ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏത് കേസുകളും കൃത്യമായ തെളിവുകളുടെ സഹായത്തോടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും കുറ്റവാളിക്ക് അര്‍ഹമായ പരമാവധി ശിക്ഷ വാങ്ങികൊടുക്കുന്നതിനും ക്രൈംബ്രാഞ്ചിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ചിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. ക്രൈംബ്രാഞ്ച് പുന:സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാന്‍ എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി. ഇവയെല്ലാം ഫലം കാണുന്നു. തെളിയാതെ കിടന്ന കാലപ്പഴക്കമുള്ള പല കേസുകളും ക്രൈംബ്രാഞ്ച് തെളിയിച്ചു. വിജിലന്‍സ് വകുപ്പിന് സ്വതന്ത്ര പ്രവര്‍ത്തനത്തിന് എല്ലാ സാഹചര്യങ്ങളും ഒരുക്കി. വിജിലന്‍സിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം അഴിമതി വളരെയേറെ കുറച്ചു. പരാതി നല്‍കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിച്ച്‌ സോഫ്റ്റ് വെയര്‍ സഹായത്തോടെ പരാതി നല്‍കാന്‍ പ്രഖ്യാപിച്ച അഴിമതി മുക്ത കേരളം പദ്ധതി വരുന്നതോടെ സര്‍ക്കാര്‍ രംഗത്തെയും പൊതുരംഗത്തെയും അഴിമതി തുടച്ച്‌ നീക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്ര സാങ്കേതിക രംഗത്തെ വികാസം പ്രയോജനപ്പെടുത്തി കുറ്റകൃത്യങ്ങളും അഴിമതിയും തടയാനാകുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
28 കോടി രൂപ ചെലവിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. നാല് നിലകളിലായി 34,500 ചതുരശ്ര അടിയിലാണ് ക്രൈംബ്രാഞ്ച് കോംപ്ലക്സ് ഒരുങ്ങുന്നത്. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ ലൈബ്രറിയും ക്രൈംബ്രാഞ്ച് മ്യൂസിയവും ഉണ്ടാകും. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അഞ്ച് ഓഫീസുകള്‍ക്കായാണ് വിജിലന്‍സ് കോംപ്ലക്‌സ് വരുന്നത്. അഞ്ച് നിലകളിലായി 75,000 ചതുരശ്ര അടിയിലാണ് കോംപ്ലക്‌സ്. ആദ്യഘട്ടത്തില്‍ 9.85 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടക്കുക.

Related Articles

Back to top button