KeralaLatestThiruvananthapuram
ഉറങ്ങിക്കിടന്ന ഭിക്ഷക്കാരന്റെ പണം കവര്‍ന്നു
തിരുവനന്തപുരം: റോഡരികിലെ കടവരാന്തയില്‍ ഉറങ്ങിക്കിടന്നിരുന്ന ഭിക്ഷക്കാരന്റെ പക്കല്‍നിന്നു പണം പിടിച്ചുപറിച്ച സംഭവത്തില്‍ മൂന്നുപേരെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി ഭാഗത്തെ അറബിക് കോളേജിനടുത്തുള്ള കടവരാന്തയില്‍ ഉറങ്ങിക്കിടന്ന ഭായിയെന്ന ഏഴുപതുകാരന്റെ പതിനായിരം രൂപയാണ് ഇവര്‍ മോഷ്ടിച്ചത്.
ബീമാപള്ളി സ്വദേശികളായ സെയ്ഫുദീന്‍(62), അബ്ദുള്‍ റസാക്ക്(65), ജിബിരി(42) എന്നിവരെയാണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. രാത്രിയോടെയെത്തിയ സംഘം ഇയാളുടെ പോക്കറ്റില്‍ കിടന്ന നോട്ടുകെട്ടുകള്‍ കവരുന്ന സംഭവം സമീപത്തുള്ളവര്‍ കണ്ടിരുന്നു. ഇവര്‍ സി.സി.ടി.വി.യില്‍ ഈ ദൃശ്യം റെക്കോഡ് ചെയ്ത് നാട്ടുകാരെ അറിയിക്കുകയും ഇവര്‍ പൂന്തുറ പോലീസില്‍ അറിയിക്കുകയും ചെയ്തു.