IndiaInternationalKerala

പണം തട്ടാൻ കേരളത്തിൽ സ്വന്തം ഇന്റലിജൻസ് സംഘം

“Manju”

കൊച്ചി : കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീഷണിപ്പെടുത്തി പണം തട്ടേണ്ടവരുടെ വിവരം കൈമാറാൻ അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരിയ്ക്ക് കേരളത്തിൽ ഇന്റലിജൻസ് സംഘം ഉണ്ടെന്ന് കണ്ടെത്തി. ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പോലീസ് തിരയുന്ന കാസർകോഡ് സ്വദേശി മോനായിയാണ് വിവരങ്ങൾ കൈമാറിയത് എന്ന് അന്വേഷണ സംഘം കണ്ടെത്തി.

സെനഗലിലും, മാലിദ്വീപിലുമടക്കം ഇരുന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് രവി പൂജാരിയുടെ മൊഴി. കേരളത്തിലെ ഇത്തരം ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി നൽകിയത് രവി പൂജാരിയുടെ ഇന്റലിജൻസ് സംഘമാണ്. കള്ളപ്പണമടക്കം സൂക്ഷിക്കുന്നവരുമായി സുഹൃദ്ബന്ധം സ്ഥാപിച്ച ശേഷം വിവരം ചോർത്തും. ഇത് കാസർകോട്ടെ മോനായി വഴി രവി പൂജാരിയിൽ എത്തിക്കും.

രവി പൂജാരിയുടെ ഭീഷണ കോൾ വരുമ്പോൾ തന്നെ പലരും പണം നൽകിയിരുന്നു. എന്നാൽ നടി ലീന മരിയ പോൾ അതിന് തയ്യാറായില്ല. തുടർന്നാണ് മോനായി ആലുവ സ്വദേശി ബിലാൽ, കടവന്ത്രയിലെ വിപിൻ വർഗീസ് എന്നിവർക്ക് ലീന മരിയ പോളിനെ ഭയപ്പെടുത്താനുള്ള ക്വട്ടേഷൻ നൽകിയത്.

തുടർന്ന് കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെ മോനായി വിദേശത്തേയ്ക്ക് കടന്നു. ഇയാളെയും ലീനയുടെ സുഹൃത്ത് ഡോ അജാസ് അടക്കമുള്ളവരെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കം അനേഷണ സംഘം ആരംഭിച്ചുകഴിഞ്ഞു.

രവി പൂജാരി ഉപയോഗിച്ച വിദേശ നമ്പറുകളുടെ വിശദാംശങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസർകോട്ടെ വ്യവസായിയുടെ മരണത്തിൽ രവി പൂജാരിയുടെ പങ്ക് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച വരെയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടിയിരിക്കുന്നത്. എന്നാൽ തത്കാലം കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Related Articles

Back to top button