IndiaLatest

റോസ്ഗര്‍ മേളയില്‍ 51, 000 നിയമന കത്തുകള്‍ വിതരണം ചെയ്ത് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: റോസ്ഗര്‍ മേളയില്‍ 51, 000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച യുവാക്കള്‍ക്ക് അനേകം അവസരങ്ങള്‍ നല്‍കുന്നുവെന്നും ഫാര്‍മസി, ഓട്ടോമൊബൈല്‍ തുടങ്ങിയ വിവിധ മേഖലകള്‍ അതിവേഗം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഓട്ടോമൊബൈല്‍, ഫാര്‍മസി എന്നീ രണ്ട് വ്യവസായങ്ങളും വരും ദിവസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ടൂറിസം മേഖലയ്‌ക്കായി 20 ലക്ഷം കോടി രൂപ അനുവദിക്കും. ഇത് 13-14 കോടി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ സഹായിക്കും. ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്നത് നിശ്ചയമാണ്. അത് പൂര്‍ണ ഉത്തരവാദിത്തത്തോടെ ഞങ്ങള്‍ ചെയ്യുന്നതായിരിക്കും. ഇന്ന് നിയമന കത്തുകള്‍ ലഭിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. അടുത്ത 25 വര്‍ഷത്തെ ഇന്ത്യയുടെ പ്രയാണത്തില്‍ ഇന്ന് നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് പ്രധാന പങ്കാണുള്ളത്. നിയമന കത്തുകള്‍ ലഭിച്ചവരെ അമൃത് രക്ഷകര്‍ എന്ന് വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.’ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് 45 കേന്ദ്രങ്ങളിലായാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. കേന്ദ്ര സായുധ പോലീസ് സേന, കേന്ദ്ര റിസര്‍വ് പോലീസ് ഫോഴ്‌സ്, അതിര്‍ത്തി സുരക്ഷാ സേന, അസം റൈഫിള്‍സ്, സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇൻഡോ-ടിബറ്റൻ ബോര്‍ഡര്‍ പോലീസ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമന കത്തുകള്‍ വിതരണം ചെയ്തത്. രാജ്യത്തെ 10 ലക്ഷം പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുക എന്നതാണ് റോസ്ഗര്‍ മേളയുടെ പ്രധാന ലക്ഷ്യം. 2022 ഒക്ടോബര്‍ 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

Related Articles

Back to top button