ErnakulamKeralaLatest

കാര്‍ വിപണി തിരിച്ചുകയറുന്നു ചെറു കാറുകള്‍ക്ക് പ്രിയം

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: വാഹനവിപണിക്ക് പൂട്ടിട്ട കോവിഡ് മഹാമാരി ഇപ്പോള്‍ രക്ഷകനാകുകയാണ്. വാഹനവിപണി ശക്തമായി തിരിച്ചുകയറുന്നു. സംസ്ഥാനത്ത് എല്ലാ പ്രമുഖ കാര്‍ നിര്‍മാതാക്കളുടെയും ഡീലര്‍ഷിപ് ഷോറൂമുകള്‍ വീണ്ടും സജീവമായിരിക്കുന്നു. കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ ഇനിയും ഏറെനാള്‍ സാമൂഹ്യ അകലം പാലിക്കേണ്ടിവന്നേക്കുമെന്ന തിരിച്ചറിവാണ് വാഹനവിപണിക്ക് തുണയാകുന്നത്. കൂടുതല്‍പേര്‍ സുരക്ഷിതമായ യാത്രയ്ക്ക് സ്വന്തം വാഹനം എന്ന തീരുമാനത്തിലേക്ക് എത്തുകയാണെന്നും ആഡംബരമായിരുന്ന കാര്‍ അങ്ങനെ കുടുംബത്തിന്റെ ആവശ്യമെന്ന നിലയിലേക്ക് മാറിയെന്നും ഡീലര്‍മാര്‍ പറയുന്നു.

മെയ് മാസത്തില്‍ എല്ലാ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും മികച്ച വില്‍പ്പനയാണ് കിട്ടിയത്. മാരുതി സുസുകി 13,865, ഹ്യുണ്ടായ് 6883, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 3867 കാറുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. ഷോറൂമുകളില്‍ എത്തുന്ന അന്വേഷണങ്ങളില്‍ അധികവും ചെറു കാറുകളെക്കുറിച്ചാണ്. മോട്ടോര്‍സൈക്കിളില്‍നിന്ന് കാറുകളിലേക്ക് മാറാന്‍ ആ​ഗ്രഹിക്കുന്നവരാണ് ഇതിലേറെയും. കൂടാതെ നിലവില്‍ കാറുള്ളവരായാലും ഭാര്യയും ഭര്‍ത്താവും രണ്ട് സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവരാണെങ്കില്‍ പുതിയൊരു കാര്‍കൂടി വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നും സ്ത്രീകളില്‍നിന്ന് ചെറു കാറുകളെക്കുറിച്ചുള്ള അന്വേഷണം കൂടുതലായി വരുന്നുണ്ടെന്നും പോപ്പുലര്‍ ഹ്യുണ്ടായ് സെയില്‍സ് ജനറല്‍ മാനേജര്‍ ബി ബിജു പറഞ്ഞു. കാര്‍വിപണിയില്‍ വരുന്ന മാസങ്ങളില്‍ മികച്ച വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നതെന്നും ബിജു വ്യക്തമാക്കി.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ 80 ശതമാനത്തോളം വില്‍പ്പന തിരിച്ചുവരുമെന്നാണ് മാരുതിയും പ്രതീക്ഷിക്കുന്നത്. ഷോറൂമുകളിലും ഡിജിറ്റല്‍ സംവിധാനങ്ങളിലും അന്വേഷണം വര്‍ധിച്ചിട്ടുണ്ടെന്നും ആള്‍ട്ടോ 800 മുതല്‍ സ്വിഫ്റ്റ് വരെയുള്ള ചെറു കാറുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും കമ്പനി പറയുന്നു. സംസ്ഥാനത്ത് 2019 ജൂണിനെ അപേക്ഷിച്ച്‌ ഈമാസം നൂറ് ശതമാനം വളര്‍ച്ചയാണ് കാണുന്നതെന്ന് ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും പറയുന്നു.
പ്രമുഖ ബ്രാന്‍ഡുകളെല്ലാം വിവിധ ഓഫറുകളും വായ്പ സ്കീമുകളും അവതരിപ്പിച്ചിട്ടുമുണ്ട്. ധനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശക്തമായതും ആകര്‍ഷകമായ പലിശനിരക്കുകളില്‍ വായ്പകള്‍ ലഭ്യമാകുന്നതും കാര്‍വിപണിയുടെ തിരിച്ചുവരവിന് സഹായമാകുന്നു.
ഓട്ടോമൊബൈല്‍ മേഖലയില്‍ നേരിട്ട് ജോലി ചെയ്യുന്നത് 40 ലക്ഷത്തിലധികം പേരാണ്. അതിന്റെ മൂന്നിരട്ടിയോളംപേര്‍ വാഹനനിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ഓട്ടോമൊബൈല്‍ മേഖലയെ കരകയറ്റുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക രക്ഷാ പാക്കേജ് കൊണ്ടുവരണമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
അതോടൊപ്പം കാര്‍വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഇഎംഐ കുറയുന്നതരത്തില്‍ ദീര്‍ഘകാല വാഹനവായ്പ അനുവദിക്കുക, ഒരുവര്‍ഷത്തേക്ക് ജിഎസ്ടിയില്‍ കുറവ് വരുത്തുക, പുതിയ കാര്‍ വാങ്ങുമ്പോള്‍ 15 വര്‍ഷത്തെ നികുതി ഒന്നിച്ച്‌ ഈടാക്കുന്നതിനുപകരം അഞ്ചുവര്‍ഷത്തെ നികുതി അടച്ചാല്‍ മതിയെന്നാക്കുക എന്ന നിര്‍ദേശങ്ങളും വാഹന ഡീലര്‍മാര്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വയ്ക്കുന്നു.

Related Articles

Back to top button