IndiaLatest

അക്കൗണ്ടില്‍ പണമെത്തിയാല്‍ ശബ്ദ സന്ദേശമെത്തും

“Manju”

രാജ്യത്ത് റെക്കോര്‍ഡ് ഡിജിറ്റല്‍ ഇടപാടുകളാണ് നടക്കുന്നത്. വ്യവസായ മേഖലയിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദവുമാണ് ഈ ഡിജിറ്റല്‍ സംവിധാനങ്ങള്‍. ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളില്‍ പേടിഎമ്മിനോടാണ് വ്യാപാരികള്‍ക്ക് പ്രിയം. പേടിഎമ്മിന്റെ സൗണ്ട് ബോക്‌സാണ് കാരണം. പണം അക്കൗണ്ടിലെത്തിയോ എന്നറിയാൻ ഫോണ്‍ പരിശോധിക്കേണ്ടതില്ല, മറിച്ച്‌ സൗണ്ട് ബോക്‌സില്‍ നിന്ന് ശബ്ദ സന്ദേശമെത്തും. സ്‌കാൻ ചെയ്ത് പണം കൈമാറുന്നതോടെ ബോക്‌സില്‍ നിന്ന് ശബ്ദമെത്തുന്നതായിരുന്നു സൗണ്ട് ബോക്‌സ്. എന്നാല്‍ കാര്‍ഡ് സൗണ്ട് ബോക്‌സ് അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം.

പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡാണ് കാര്‍ഡ് സൗണ്ട്‌ബോക്‌സ് പുറത്തിറക്കിയത്. വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കൻ എക്‌സ്പ്രസ്, റുപേ എന്ന് തുടങ്ങി എല്ലാ കാര്‍ഡ് പേയ്‌മെന്റുകളും കാര്‍ഡ് സൗണ്ട് ബോക്‌സ് സ്വീകരിക്കും. മൊബൈല്‍ പേയ്‌മെന്റുകളും കാര്‍ഡ് പേയ്‌മെന്റുകളും ഒരേ ബോക്‌സില്‍ ഇനി ലഭ്യമാകും. എല്‍സിഡി ഡിസ്‌പ്ലേ വഴിയും ശബ്ദത്തിലൂടെയും പേയ്‌മെന്റ് വിവരങ്ങള്‍ ബോക്‌സ് നല്‍കും. ‘ടാപ്പ് ആന്റ് പേസംവിധാനവും കാര്‍ഡ് ബോക്‌സില്‍ അവതരിപ്പിച്ചിട്ടുണ്ട്. 5,000 രൂപയുടെ ഇടപാടാണ് ടാപ്പ് ആന്റ് പേ വഴി കൈമാറ്റം ചെയ്യാവുന്നത്. 4 W സ്പീക്കറാണ് ബോക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് ദിവസം വരെ ശേഷിയുള്ള ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ ചെറുകിട വ്യാപാരങ്ങളെ നവീകരിക്കുന്നതിലും സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കുന്നതിനും പേടിഎം ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് പേടിഎം സഹസ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മ വ്യക്തമാക്കി. ലളിതമായ പണമിടപാടുകള്‍ ലഭ്യമാകുന്നതിന്റെ അടുത്ത പടിയാണ് പേടിഎം കാര്‍ഡ് സൗണ്ട് ബോക്‌സെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും മൊബൈല്‍ പേയ്‌മെന്റ് പോലെ തന്നെ ആവശ്യമാണ് കാര്‍ഡ് പേയ്‌മെന്റെന്ന് കണ്ടെത്തി. ഈ രണ്ട് ആവശ്യങ്ങളും ലയിപ്പിക്കുന്നതാണ് പുതിയ ബോക്‌സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണരഹിത ഇടപാടുകളെ ത്വരിതപ്പെടുത്തുകയും കോണ്‍ടാക്‌റ്റ് ലെസ് കാര്‍ഡ് പേയമെന്റുകള്‍ നടത്തുകയും ചെയ്യുന്ന സംവിധാനമാണ് പേടിഎം സൗണ്ട് ബോക്‌സ്. ഈ സംവിധാനം രാജ്യത്ത് ആദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ അറിയിച്ചു.

Related Articles

Back to top button