LatestThiruvananthapuram

ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് ഒക്ടോബറില്‍

“Manju”

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ പുതുതായി സ്ഥാപിക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഒക്ടോബറില്‍ പൂര്‍ത്തിയാകും. ഇതുസംബന്ധിച്ച പ്രവര്‍ത്തികള്‍ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ (ഡി.ടി.പി.സി) നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി മണ്ണ് പരിശോധന പൂര്‍ത്തിയായി. വൈകാതെ എൻജിനിയര്‍മാര്‍ വിശദപദ്ധതിരൂപരേഖ (ഡി.പി.ആര്‍) സമര്‍പ്പിക്കും. ഇതിനുശേഷമാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. 70 മീറ്റര്‍ ഉയരത്തിലും 40 മീറ്റര്‍ നീളത്തിലും നിര്‍മ്മിക്കാനാണ് തീരുമാനം. ഡി.പി.ആര്‍ സമര്‍പ്പിച്ചാലേ കൃത്യമായ കണക്കുകള്‍ വ്യക്തമാകുള്ളൂ. 1.2 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ ചെലവ്.

2022 നവംബര്‍ 27നാണ് നവീകരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ 2 ലക്ഷം സന്ദര്‍ശകര്‍ ഇവിടെയെത്തി. 1.6 കോടി രൂപയുടെ വരുമാനമാണ് ടൂറിസം വകുപ്പിന് ലഭിച്ചത്. സിപ്പ് ലൈൻ, സ്കൈ സൈക്ലിംഗ്, ക്വാഡ് ബൈക്കിംഗ്, പെഡല്‍ ബോട്ട് തുടങ്ങി 33 ഇനം വിനോദങ്ങള്‍ ഇവിടെയുണ്ട്.

ഗ്ലാസ് ബ്രിഡ്ജിന് പുറമെ പെറ്റ്സ് പാര്‍ക്ക്, ഹൊറര്‍ ഹൗസ് എന്നിവയും ആക്കുളത്ത് ഒരുങ്ങുകയാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വളര്‍ത്തുമൃഗങ്ങളുമായി എത്തുന്ന സഞ്ചാരികള്‍ക്ക് അവയെ പെറ്റ്സ് പാര്‍ക്കില്‍ ഏല്‍പ്പിച്ച ശേഷം വിനോദങ്ങളില്‍ ഏര്‍പ്പെടാം. പാര്‍ക്കിലെ ജീവനക്കാര്‍ മൃഗങ്ങളെ പരിപാലിക്കും. മൃഗങ്ങള്‍ക്കായുള്ള സ്പായും ഇവിടെയുണ്ടാകും. ഗ്രാഫിക്സുകളിലൂടെ ഒരുക്കുന്ന ഡിജിറ്റല്‍ മുറിയാണ് ഹൊറര്‍ ഹൗസ്. പേടിപ്പെടുത്തുന്ന രൂപങ്ങളിലൂടെ സന്ദര്‍ശകരെ വിസ്മയിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button