IndiaLatest

‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് സബ്കാ പ്രയാസ്’ എന്ന സമീപനമാണ് തന്റെ സര്‍ക്കാരിന്റേതെന്ന് മോദി

“Manju”

 

ന്യൂഡല്‍ഹി: ദേശീയഅന്തര്‍ദേശീയ സമ്മേളനങ്ങളുടെ വേദി ഡല്‍ഹിയല്ലാതെ മറ്റൊന്നിനെപ്പറ്റി ചിന്തിക്കാനാകാത്ത കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-20 സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം.

മണികണ്‍ട്രോള്‍ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിനിടെ ജി-20 സമ്മേളനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുമ്ബ് ഒന്നോ രണ്ടോ നഗരങ്ങളിലാണ് സാധാരണയായി സമ്മേളനങ്ങള്‍ നടത്തിയിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി രാജ്യത്തുടനീളമുള്ള ഒന്നിലധികം നഗരങ്ങളാണ് ഇത്തവണ സമ്മേളന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

ജനങ്ങളിലുള്ള വിശ്വാസക്കുറവോ സൗകര്യമോ ആയിരിക്കാം ഇതിന് കാരണം. വിദേശ നേതാക്കളുടെ സന്ദര്‍ശനം പോലും രാജ്യതലസ്ഥാനത്തോ ഒന്നോ രണ്ടോ നഗരങ്ങളിലായി പരിമിതപ്പെടുത്തുന്ന രീതിയും ഉണ്ടായിരുന്നു,” മോദി പറഞ്ഞു.

ജനങ്ങളുടെ കഴിവുകളിലും ഇന്ത്യയുടെ വൈവിധ്യത്തിലും വിശ്വാസം അര്‍പ്പിച്ച്‌ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയ അന്നുമുതല്‍ തന്റെ സര്‍ക്കാര്‍ ആ സമീപനം നടപ്പാക്കാന്‍ ശ്രമിച്ചുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ വെച്ച്‌ വിദേശ നേതാക്കളുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ പറയാം. മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനെ സ്വീകരിച്ചത് ബംഗളുരുവില്‍ വെച്ചാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മുന്‍ ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബേയും വാരണാസി സന്ദര്‍ശിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സലോ റെബെലോ ഡി സൂസ ഗോവയും മുംബൈയും സന്ദര്‍ശിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വീകരണത്തിന് വേദിയായത് ശാന്തിനികേതനാണ്,” എന്നും മോദി കൂട്ടിച്ചേര്‍ത്തു.

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയ്‌സ് ഒലാന്ദേ ചണ്ഡീഗഢില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഡല്‍ഹിയ്ക്ക് പുറത്ത് നിരവധി നഗരങ്ങള്‍ അന്തര്‍ദേശീയ സമ്മേളനങ്ങള്‍ക്ക് വേദിയായിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയ്ക്ക് വേദിയായത് ഹൈദരാബാദ് നഗരമാണ്. കൂടാതെ ഗോവയില്‍ വെച്ച്‌ ബ്രിക്‌സ് സമ്മേളനം നടന്നിട്ടുണ്ട്. ഫോറം ഫോര്‍ ഇന്ത്യപസഫിക് ഐലന്റ്‌സ് കോര്‍പ്പറേഷന്‍ ഉച്ചകോടിയ്ക്ക് ജയ്പൂര്‍ നഗരവും വേദിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാലമായ വൈവിധ്യം നിലനില്‍ക്കുന്ന രാജ്യമാണിത്. ആ വൈവിധ്യത്തിനിടയിലും പൊതുവായ ഒരു കാര്യം നിലനില്‍ക്കുന്നു. ” തനിക്ക് ചെയ്യാന്‍ കഴിയും” എന്ന മനോഭാവം എല്ലാ ജനങ്ങളിലും നിലനില്‍ക്കുന്നു. വെല്ലുവിളികളെ അവര്‍ വൈദഗ്ധ്യത്തോടെ ഏറ്റെടുക്കുന്നു. പ്രതികൂല സാഹചര്യത്തിലും അവര്‍ക്ക് ആത്മവിശ്വാസമുണ്ട്. തങ്ങളെ തന്നെ ശാക്തീകരിക്കുന്ന ഒരു വേദിയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്,” മോദി പറഞ്ഞു.

ഇന്ത്യ അധ്യക്ഷം വഹിക്കുന്ന ജി-20 സമ്മേളനത്തിന് തിരശ്ശീല വീഴുന്നതിന് മുമ്ബ് രാജ്യത്തെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ഉച്ചകോടിയുടെ ഭാഗമായുള്ള സമ്മേളനങ്ങള്‍ നടക്കും. 60 നഗരങ്ങളിലായി 220 ലധികം സമ്മേളനങ്ങള്‍ നടക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. സമ്മേളനത്തോട് അനുബന്ധിച്ച്‌ 125 രാജ്യങ്ങളില്‍ നിന്നായി ഒരുലക്ഷത്തിലധികം പേര്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യയിലെ ഒന്നരക്കോടിയിലധികം വ്യക്തികള്‍ സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

വലിയ രീതിയിലുള്ള ആഗോള സമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിലുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്‌സ്, ആശവിനിമയ വൈദഗ്ധ്യം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലയിലെ കഴിവും ശേഷിയും വര്‍ധിക്കും”, എന്നും മോദി കൂട്ടിച്ചേര്‍ത്തു.

സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് സബ്കാ പ്രയാസ്’ എന്ന സമീപനമാണ് കഴിഞ്ഞ 9 വര്‍ഷമായി തന്റെ സര്‍ക്കാര്‍ പിന്തുടരുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

 

 

Related Articles

Back to top button