KeralaLatest

കൊവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധനയും പ്രതിരോധവും ശക്തമാക്കും

“Manju”

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ നിര്‍ദേശം നല്‍കി. ഈ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു പഞ്ചായത്തുകളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ കളക്ടര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിലൊരിക്കല്‍ പഞ്ചായത്ത് അധികൃതരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ക്കുകയും പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുകയും വേണം. ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാതലത്തില്‍ 15 ടീമുകള്‍ രൂപീകരിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടുതല്‍ കൃത്യമായി നിര്‍ണയിക്കുന്നതിനായി വാര്‍ഡ് തലത്തിലുള്ള ഡാറ്റ വിശകലനം സാധ്യമാക്കണം. രോഗവ്യാപനം കുറയ്കുന്നതിനായി ആവശ്യമുള്ളയിടങ്ങളിലെല്ലാം ഡി.സി.സികളിലേക്കും സി.എഫ്.എല്‍.ടി.സികളിലേക്കും രോഗികളെ മാറ്റുന്നതു പ്രോത്സാഹിപ്പിക്കണം. ഇത് വീടുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതു കുറയ്ക്കാന്‍ സഹായിക്കുമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. ജില്ലാ വികസന കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button