IndiaLatest

വാരണാസിയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം; പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

“Manju”

ലക്‌നൗ: പ്രധാനമന്ത്രി ഇന്ന് വാരണാസിയില്‍. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഗജ്ജരിയിലെ പുതിയ സ്റ്റേഡിയം ഭാരതീയ സംസ്‌കാരം വിളിച്ചോതും വിധത്തിലാകും നിര്‍മ്മിക്കുക. ശിവന്റെ പ്രതീകങ്ങളായ ത്രിശൂലം, ചന്ദ്രക്കല, ഢമരു എന്നിവ ഉള്‍ക്കൊള്ളിച്ചാകും സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം.

ഉച്ചയോടെയാകും ചടങ്ങ്. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേന്‍ ഭാരവാഹികളും ബിസിസിഐ ഉന്നതരും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, മദന്‍ ലാല്‍, ഗുണ്ടപ്പ വിശ്വനാഥ്, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ തുടങ്ങിയവരാകും ചടങ്ങിന്റെ ഭാഗമാകുക.

തുടര്‍ന്ന് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റില്‍ ചരിത്രം കുറിച്ച്‌, വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രിയെ 5,000 സ്ത്രീകള്‍ ആദരിക്കും. ഇതിന് ശേഷം രുദ്രാക്ഷ് ഇന്റര്‍നാഷണല്‍ കോഓപ്പറേഷൻ ആന്റ് കണ്‍വെൻഷൻ സെന്ററും പ്രധാനമന്ത്രി സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ അടല്‍ അവാസിയ വിദ്യാലയങ്ങളും പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. 1,115 കോടി രൂപ ചെലവില്‍ 16 വിദ്യാലയങ്ങളുടെ ഉദാഘാടന ചടങ്ങാകും നടക്കുക.

നിര്‍മാണത്തൊഴിലാളികളുടെയും ദിവസ വേതനക്കാരുടെയും മക്കള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനും അവരുടെ സമഗ്രമായ വികസനത്തിനും സഹായിക്കുന്നതിനായാണ് ഈ സ്‌കൂളുകഗള്‍ ആരംഭിക്കുന്നത്. ഓരോ അടല്‍ സ്‌കൂളും 10-15 ഏക്കറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രൗണ്ട്, വിനോദ മേഖല, മിനി ഓഡിറ്റോറിയം, ഹാസ്റ്റല്‍ സമുച്ചയം, മെസ്, ജീവനക്കാര്‍ക്കുള്ള റെസിഡൻഷ്യല്‍ ഫ്‌ളാറ്റുകള്‍ എന്നിവയും ഇവിടെ ഉള്‍ക്കൊള്ളുന്നു. ഓരോ സ്‌കൂളിലും 1,000 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാകും. ഒടുവിലായി കാശി സൻസദ് സാംസ്‌കാരിക മഹോത്സവത്തിന്റെ സമാപന ചടങ്ങിലും പങ്കെടുക്കും.

Related Articles

Back to top button