
ന്യൂഡല്‍ഹി : സാധാരണക്കാര്‍ക്ക് കൈത്താങ്ങുമായി കേന്ദ്രം. ഭവന വായ്പ പലിശ സബ്‌സിഡി പദ്ധതി ഉടനുണ്ടാകുമെന്നാണ് വിവരം. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സബ്‌സിഡിയോടെ ഭവന വായ്പകള്‍ നല്‍കുന്നതിനായി 7.2 ബില്യണ്‍ (60,000 കോടി രൂപ) ചെലഴിക്കാൻ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
9 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3 മുതല്‍ 6.5 ശതമാനം വരെ വാര്‍ഷിക പലിശ സബ്‌സിഡിയായി ലഭിക്കും. 20 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. വായ്പ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മുൻകൂറായി പലിശ ഇളവ് ക്രെഡിറ്റ് ചെയ്യും. നിര്‍ദ്ദിഷ്ട പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
2028 വരെയാണ് ഈ പദ്ധതി ലഭിക്കുകയെന്നാണ് വിവരം. ഗുണഭോക്താക്കളെ കണ്ടെത്താൻ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.