KeralaLatest

എസ്‌എടിയിലെ സൗജന്യ ഹൃദയ ചികിത്സ,  ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് 600 ലേറെ കുട്ടികള്‍

“Manju”

എസ്‌എടി ആശുപത്രിയില്‍ നടന്ന ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ഹൃദയ ചികിത്സയില്‍ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് 600 -ലേറെ കുഞ്ഞുങ്ങള്‍.
സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ എസ്‌എടി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ കാത്ത് ലാബ് തുടങ്ങി, 2021-ല്‍ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ തീയറ്ററും സജ്ജമാക്കിയതോടെയാണ് ഇത്രയധികം കുട്ടികള്‍ക്ക് ശസ്ത്രകിയ നടത്താനായത്. ഇത്തവണ ലോക ഹൃദയദിനം ആചരിക്കുമ്ബോള്‍ ഈ നേട്ടം എസ്‌എടി ആശുപത്രിയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും.
വകുപ്പു മേധാവി ഡോ. എസ് ലക്ഷ്മിയുടെയും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെഎൻ ഹരികൃഷ്ണന്റെയും നേതൃത്വത്തിലാണ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികള്‍ക്ക് ഹൃദയം തുറക്കാതെ കത്തീറ്റര്‍ ചികിത്സ നല്‍കുന്നതിനുള്ള കാത്ത് ലാബ് സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യമായി ആരംഭിക്കുന്നത് 2018 എസ്‌എടി ആശുപത്രിയിലാണ്. 2021 ല്‍ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ തീയറ്ററും സജ്ജമാക്കിയതോടെയാണ് കുട്ടികളിലെ ഹൃദയ ചികിത്സ പൂര്‍ണതയിലെത്തിയത്.
ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നതിനുള്ള ഡിവൈസ് ക്ലോ ഷേഴ്സ്, ഹൃദയ വാല്‍വ് ചുരുങ്ങുന്ന രോഗത്തിനുള്ള ബലൂണ്‍ ചികിത്സ, നവജാത ശിശുക്കളില്‍ ജീവൻ നിലനിര്‍ത്താനുള്ള പിഡിഎ സ്റ്റെന്റിംഗ് എന്നീ ചികിത്സകള്‍ കാത്ത് ലാബില്‍ നടത്തുന്നു. 2021 ല്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി തീയറ്റര്‍ വന്നതോടെയാണ് നവജാത ശിശുക്കള്‍ അടക്കമുള്ള കുട്ടികള്‍ക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ എസ്‌എടിയില്‍ സൗജന്യമായി ലഭ്യമാക്കിയത്. ഈ ചികിത്സകളിലൂടെ ജീവിതം തിരികെ ലഭിച്ച കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും മെഡിക്കല്‍ കോളേജ് സിഡിസി ഓഡിറ്റോറിയത്തില്‍ ലോക ഹൃദയദിനമായ വെള്ളിയാഴ്ച ഒത്തുകൂടുന്നു.
പ്രസ്തുത ആഘോഷ പരിപാടികള്‍ രാവിലെ ഒൻപതിന് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു അധ്യക്ഷനാകും. നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രൻ, ഡോ. ശശി തരൂര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. വെള്ളി രാവിലെ ആറിന് മ്യൂസിയം അങ്കണത്തില്‍ ഹൃദയസംരക്ഷണവും കുട്ടികളിലെ ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുമായി പീഡിയാട്രിക് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ ഉണ്ടായിരിക്കും. എസ്‌എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഫോര്‍ ചൈല്‍ഡ് ഹെല്‍ത്ത് ഡോ. യുആര്‍ രാഹുല്‍ ഹൃദയദിന സന്ദേശം നല്‍കും. പ്രസ്തുത പരിപാടിയുടെ ഭാഗമായി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിവിധ സ്കൂളുകളില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) പരിശീലനം നല്‍കി.

Related Articles

Back to top button