KeralaLatest

ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ തുടക്കമാകും

“Manju”

ഒന്‍പതാമത് ചാലിയാര്‍ റിവര്‍ പാഡില്‍ വെള്ളിയാഴ്ച നിലമ്പൂരില്‍ തുടങ്ങും. മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുള്ള കടവില്‍നിന്ന് ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കയാക്കിങ് ബോധവത്കരണയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്‌സ് ക്ലബ്ബില്‍ സമാപിക്കും.

കയാക്കുകളിലും സ്റ്റാന്‍ഡ്അപ്പ് പാഡിലിലും പായ്വഞ്ചിയിലുമായാണ് യാത്ര. കോഴിക്കോട് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്‌സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്റ്, ഗ്രീന്‍ വേംസ്, കയാക്കേഷ്യ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. പി.വി. അന്‍വര്‍ എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്യും.

ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്‌സ് ക്ലബ്ബില്‍ ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനച്ചടങ്ങ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജര്‍മനി, യു.കെ. തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൂറോളം ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്.

എട്ടുമുതല്‍ അറുപതുവയസ്സുവരെയുള്ളവര്‍ സംഘത്തിലുണ്ടാകും. ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് കയാക്കിങ്. ചാലിയാറില്‍ അടിഞ്ഞുകൂടിയ മാലിന്യം ശേഖരിക്കുക, നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക, പുഴയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, ജല സാഹസിക കായികവിനോദങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു.

മൂന്നുദിവസംകൊണ്ട് ചാലിയാര്‍ പുഴയില്‍നിന്ന് ഏകദേശം 2000 കിലോഗ്രാം മാലിന്യം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍ പറഞ്ഞു.

Related Articles

Back to top button