IndiaLatest

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21-ന്

“Manju”

ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന സ്വപ്‌ന ദൗത്യം യാഥാര്‍ത്ഥ്യമാകുന്നു. മനുഷ്യനെ അയയ്‌ക്കുന്നതിന് മുൻപായി ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബര്‍ 21-ന് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. പരീക്ഷണ വാഹനത്തിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലാകും നടക്കുക. ടെസ്റ്റ് വെഹിക്കിള്‍ ഡെവലപ്‌മെന്റ് ഫ്‌ളൈറ്റ് (ടിവി-ഡി1) എന്ന വിക്ഷേപണ വാഹനമാണ് വിക്ഷേപിക്കുക. അടുത്ത വര്‍ഷം അവസാനം നിശ്ചയിച്ചിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ മൊഡ്യൂളിനെ വിലയിരുത്തനായി അയക്കുന്ന പേടകമാണിത്. ഗഗൻയാൻ ദൗത്യത്തില്‍ ബഹിരാകാശയാത്രികര്‍, മര്‍ദ്ദമുള്ള ഭൗമാന്തരീക്ഷത്തിലാകും സഞ്ചരിക്കുക. ഈ സംവിധാനത്തിനെയാണ് ക്രൂ മൊഡ്യൂള്‍ പറയുന്നത്.

പരീക്ഷണ മൊഡ്യൂളിനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്യും. ഭൂമിയുടെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ എത്തിച്ച്‌ ബംഗാള്‍ ഉള്‍ക്കടലിലാകും ഇറക്കുക. തുടര്‍ന്ന് ടിവി-ഡി1-നെ തിരികെ സുരക്ഷിതമായി എത്തിക്കുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം.

ഈ മെഡ്യൂള്‍ നാവികസേനയാകും വീണ്ടെടുക്കുക. ഇതിനായുള്ള പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സേന വ്യക്തമാക്കിയിട്ടുണ്ട്. ക്രൂ മൊഡ്യൂളിന് പുറമേ ബഹിരാകാശയാത്രികര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാല്‍ സുരക്ഷിതമായി തിരിച്ചിറക്കാനായി രൂപകല്‍പന ചെയ്ത ‘ക്രൂ എസ്‌കേപ്പ്’ സംവിധാനവും ടിവി-ഡി1 വിലയിരുത്തും. ഗഗൻയാൻ പേടകത്തിന്റെ പ്രാപ്തി പരിശോധിക്കുന്നതിനാണ് പരീക്ഷണ ദൗത്യം.

ബഹിരാകാശത്തെ ദൗത്യത്തിലെ നാഴികക്കല്ലാകാനൊരുങ്ങുന്ന ദൗത്യത്തിന്റെ സുപ്രധാന ഘട്ടമാണ് ഒക്ടോബര്‍ 21-ന് നടക്കുക. ഹൈ ഡൈനാമിക് പ്രഷര്‍ ഉള്‍പ്പെടെ വിവിധ സാഹചര്യങ്ങള്‍ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിലൂടെ വിലയിരുത്തുമെന്ന് വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിന്റെ ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണൻ നായര്‍ പറഞ്ഞു. ഇത്തരത്തില്‍ നാല് അബോര്‍ട്ട് മിഷനുകള്‍ നടത്തും.

ടിവി-ഡി1-ന് പിന്നാലെ ടിഡി-ഡി2 ഈ വര്‍ഷം തന്നെ വിക്ഷേപിക്കുമെന്നാണ് വിവരം. 2024 ആദ്യം യാത്രികര്‍ സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്ന ഗഗൻയാൻ പേടകത്തിന്റെ ആദ്യ ഓര്‍ബിറ്റല്‍ പരീക്ഷണം നടക്കും. ഇതില്‍ സഞ്ചാരികളുണ്ടാവില്ല. പിന്നാലെയാണ് മറ്റ് രണ്ട് അബോര്‍ട്ട് ടെസ്റ്റുകള്‍ കൂടി നടത്തുക. 2024 ല്‍ തന്നെ ഗഗൻയാൻ പേടകത്തിന്റെ രണ്ടാമത്തെ ഓര്‍ബിറ്റല്‍ ടെസ്റ്റ് നടത്തും. 2024 അവസാനത്തോടെ ആദ്യമായി മൂന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികരുമായി ഗഗൻയാൻ പേടകം വിക്ഷേപിക്കും

Related Articles

Back to top button