KeralaLatestThiruvananthapuram

വിവാഹം വിശേഷവിധിയായി നടക്കണം : സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി

“Manju”

പോത്തൻകോട്: ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിന്റെ ‘മംഗല്യശ്രീ’ പദ്ധതി പ്രകാരമുള്ള വിവാഹപൂർവ്വ (പ്രീമാരിറ്റൽ) കൗൺസിലിംഗ് ഒക്ടോബർ 13 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഓൺലൈനായി സംഘടിപ്പിച്ചു. ശാന്തിഗിരി സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹെഡ് (അഡ്മിനിസ്ട്രേഷൻ) സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി കൗൺസിലിംഗിൽ പങ്കെടുത്ത് സംസാരിച്ചു. ഗുരുവാണികളെ ദൃശ്യവൽക്കരിച്ചുകൊണ്ട് വിവാഹ ജീവിതത്തിലെ വ്യത്യസ്തതകൾ, വിവാഹജീവിതത്തിൽ പാലിക്കേണ്ട സുപ്രധാന ഘടകങ്ങൾ എന്നിവയെപ്പറ്റി സ്വാമി വിശദമാക്കി. വിവാഹം വിശേഷവിധിയായി നടക്കേണ്ടതാണ്. മാനുഷികമായി പുലർത്തേണ്ട ചിട്ട, ഒരുമ, ഇണക്കം, ആദരവ്, സ്നേഹം, സത്യസന്ധത, ബഹുമാനം എന്നിവ വിവാഹ ജീവിതത്തിൽ ഏർപ്പെടുന്ന പങ്കാളികൾക്ക് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളാണ്. ഒരു വിവാഹജീവിതത്തിന്റെ ഭദ്രമായ അടിത്തറ കാത്തുസൂക്ഷിക്കുന്നതിനായി നമ്മളിലുള്ള പഴയ സ്വഭാവത്തെ മാറ്റി പുതിയ സ്വഭാവം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. വധൂവരന്മാർ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കണം. ഗുരു പറഞ്ഞ കാര്യം നമ്മൾ പ്രാവർത്തികമാക്കും എന്ന ഉറപ്പ് അഥവാ ദൃഢനിശ്ചയം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോകണം. ഗൃഹസ്ഥാശ്രമികൾ സൂക്ഷിക്കേണ്ട അഞ്ചു ധർമ്മങ്ങളിൽപ്പെട്ട ഗൃഹധർമ്മത്തേയും പിതൃധർമ്മത്തേയും കുറിച്ചും സ്വാമി സംസാരിച്ചു.

വിവാഹം ഗുരുശിഷ്യബന്ധത്തിൽ അധിഷ്ഠിതമാണെന്നും ആദ്യകാലങ്ങളിൽ ഗുരു തന്നെ നേരിട്ട് വിവാഹിതരാകാൻ പോകുന്നവരോടും അവരുടെ കുടുംബാംഗങ്ങളോടും സംസാരിക്കുന്ന രീതിയാണ് അവലംബിച്ചിരുന്നതെന്ന് ആർട്ട്സ് ആന്റ് കൾച്ചർ സീനിയർ അഡ്വൈസർ (പബ്ളിക്ക് റിലേഷൻസ് ) ഡോ.റ്റി.എസ്.സോമനാഥൻ പറഞ്ഞു. ഗുരുവാക്കിന് എക്കാലവും നാം വില കല്പിക്കണം. അപ്പപ്പോൾ നമുക്ക് കാര്യങ്ങൾ പറഞ്ഞുതരാൻ ഗുരു എപ്പോഴും ഉണ്ടായിരിക്കുമെന്നതാണ് ശാന്തിഗിരി ആശ്രമത്തിന്റെ സവിശേഷത. വിവാഹിതരിലൂടെ ജന്മം എടുക്കുന്ന സന്താനങ്ങൾ ഗുരുവിന് ഉതകണമെന്ന പ്രാർത്ഥന എല്ലാവർക്കും വേണമെന്നും കൗൺസിലിംഗിൻെറ ഭാഗമായി അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഹെഡ് (അഡ്മിനിസ്ട്രേഷൻ) ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി മഹനീയ സാന്നിധ്യം വഹിച്ചു. ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർമാരായ വി.രഞ്ജിത, വി.കെ.കോസല, അസിസ്റ്റന്റ് കൺവീനർ സി.ദീപ്തി, ഓഫീസ് അസിസ്റ്റന്റ് മാനേജർ ഡി.സുഹാസിനി എന്നിവർ സംബന്ധിച്ചു. 20 പേർ കൗൺസിലിംഗിൽ പങ്കെടുത്തു.

Related Articles

Back to top button