
ഗുരുവായൂർ ദേവസ്വത്തിന്റെ 2023 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ മധുരൈ ടി. എൻ. ശേഷഗോപാലന്. അഞ്ച് പതിറ്റാണ്ടിലേറെയായി കർണാടക സംഗീതരംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം.
നവംബർ 8-ന് വൈകുന്നേരം ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ചെയർമാൻ ഡോ. വി.കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണ സമിതിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. കർണാടക സംഗീതജ്ഞരായ മണ്ണൂർ രാജകുമാരനുണ്ണി, എ. അനന്തപത്മനാഭൻ, തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ,
ദേവസ്വം ഭരണസമിതി അംഗം മനോജ് ബി. നായർ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
2005 ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി. ഗോപാലകൃഷ്ണനാണ് (വായ്പാട്ട്) ആദ്യ പുരസ്കാര ജേതാവ്. പത്തൊമ്പതാമത്തെ പുരസ്കാരമാണ് മധുരൈ ടി.എൻ. ശേഷഗോപാലനെ തേടിയെത്തിയത്.