IndiaLatest

ഇൻഫോസിസ് ജീവനക്കാരോട് 10 ദിവസം ഓഫീസിലെത്തി ജോലിചെയ്യാൻ നിര്‍ദേശം

“Manju”

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഐ.ടി. കമ്പനിയായ ഇൻഫോസിസ് മാസത്തില്‍ പത്ത് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഏതാനും ജീവനക്കാരോടാണ് കമ്പനി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇൻഫോസിസ് അടക്കമുള്ള കമ്പനികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കിയത്. ഉയര്‍ന്ന കാര്യക്ഷമതയും മികച്ച സഹകരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പല കമ്പനികളും ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെവിളിക്കുകയാണിപ്പോള്‍.

അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാൻ ഇൻഫോസിസ് തയ്യാറായിട്ടില്ല. എന്നാല്‍, നവംബര്‍ 20 മുതല്‍ വരുന്ന മാറ്റങ്ങള്‍ ചില ജീവനക്കാരെ ഇ-മെയിലിലൂടെ കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാരെ പടിപടിയായി ഓഫീസുകളിലേക്ക് തിരികെ എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇൻഫോസിസ് സി.ഇ.ഒ. സലില്‍ പരേഖ ഒക്ടോബര്‍ 12ന് ഒരുപരിപാടിയില്‍ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ വികസനത്തിനായി ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിചെയ്യണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആര്‍. നാരായണമൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു. വലിയ ചര്‍ച്ചയ്ക്കാണ് ഇത് വഴിയൊരുക്കിയത്.  ഇൻഫോസിസിന്റെ മുഖ്യഎതിരാളിയായ ടാറ്റ കണ്‍സള്‍റ്റൻസി ജീവനക്കാരോട് ആഴ്ചയില്‍ നാലുദിവസം ഓഫീസിലെത്താൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആമസോണ്‍, ഗൂഗിള്‍, ആല്‍ഫബെറ്റ് എന്നീ കമ്പനികളും ആഴ്ചയില്‍ ചില ദിവസങ്ങളില്‍ ഓഫീസിലെത്തി ജോലി ചെയ്യാൻ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു.

Related Articles

Back to top button