IndiaLatest

പിഎം കിസാൻ ഗുണഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി

“Manju”

പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിലുള്ള മുഴുവൻ ഗുണഭോക്താക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബര്‍ 31നകം രാജ്യത്തെ മുഴുവൻ കര്‍ഷകര്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നബാര്‍ഡിന്റെ നേതൃത്വത്തില്‍ ബാങ്കുകള്‍ മുഖേന നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോടനുബന്ധിച്ച്‌, ‘കെസിസി വീടുകളിലേക്ക്’ എന്ന പേരില്‍ കൃഷി, മൃഗസംരക്ഷണം, ക്ഷീരമത്സ്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ക്യാമ്പുകള്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ, കര്‍ഷകരെ നേരിട്ട് കണ്ടും കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്.

ക്യാമ്പുകള്‍ കൃത്യമായി നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ, ഇതിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ബാങ്കുകള്‍ ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടാതെ, റിസര്‍വ് ബാങ്കിന് എല്ലാ ആഴ്ചയും റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അതേസമയം, ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കാൻ താല്‍പ്പര്യമില്ലാത്തവരുടെ പക്കല്‍ നിന്നും കൃത്യമായ കാരണം രേഖാമൂലം വാങ്ങേണ്ടതാണ്.

പിഎം കിസാൻ സമ്മാൻ യോജനയ്ക്ക് കീഴില്‍ കേരളത്തില്‍ മാത്രം 25 ലക്ഷം ഗുണഭോക്താക്കള്‍ ഉണ്ട്. പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തുക. ആദായ നികുതി നല്‍കുന്നവര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 20,000 രൂപയില്‍ കൂടുതല്‍ വേതനം വാങ്ങുന്നവര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാൻ കഴിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കൃഷിഭവൻ സന്ദര്‍ശിക്കാവുന്നതാണ്. കൂടാതെ, കര്‍ഷകര്‍ക്ക് അക്ഷയ കേന്ദ്രം മുഖേന വ്യക്തമായ ഭൂരേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാൻ കഴിയും.

Related Articles

Back to top button