IndiaLatest

സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്

“Manju”

ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും ആര്‍ബിഐ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. ബാങ്കിങ്ങ് റെഗുലേഷന്‍ ആക്‌ട്,1949 ലെ വകുപ്പുകള്‍ അനുസരിച്ച്‌ സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’, ‘ബാങ്കര്‍’, അഥവാ ‘ബാങ്കിങ്ങ്’ എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. 1949 ലെ ബാങ്കിങ്ങ് റെഗുലേഷന്‍ നിയമത്തിന്റെ ( കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായത്) ( ബി ആര്‍ ആക്‌ട്, 1949) സെക്ഷന്‍ 7 ലംഘിച്ച്‌ ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതായി ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ബിആര്‍ ആക്‌ട് വ്യവസ്ഥകള്‍ ലംഘിച്ച്‌ ബാങ്കിങ്ങ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍, അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും/ നാമമാത്ര അംഗങ്ങളില്‍ നിന്നും/ അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ സഹകരണ സംഘങ്ങള്‍ക്ക് ബിആര്‍ ആക്‌ട് പ്രകാരം ബാങ്കിങ്ങ് ബിസിനസ് നടത്തുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമല്ല. അത്തരം സഹകരണ സംഘങ്ങള്‍ ബാങ്കാണെന്ന് ആവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും, ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ആര്‍ബിഐ നല്‍കിയ ബാങ്കിങ്ങ് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി

Related Articles

Back to top button