IndiaLatest

ലോകകപ്പ് ഫൈനല്‍ തടസ്സപ്പെടുത്തുമെന്ന ഭീഷണി; സുരക്ഷ ശക്തം

“Manju”

ഡല്‍ഹി: അഹമ്മദബാദില്‍ നാളെ നടക്കുന്ന ലോകകപ്പ് ഫൈനല്‍ തടസ്സപ്പെടുത്തുമെന്ന ഖലിസ്ഥാൻ ഭീകര നേതാവ് ഗുര്‍പദ്വന്ത് സിംഗ് പന്നുവിന്റെ ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ഭീഷണി വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര സുരക്ഷാ ഏജൻസികളും ഗുജറാത്ത് പോലീസും ജാഗ്രതയിലാണ്. അഹമ്മദാബാദ്, ഡല്‍ഹി, അമൃത്സര്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

യുഎസില്‍ തുടരുന്ന പന്നു സമാനമായ പല ഭീഷണികളും ഇതിന് മുൻപ് മുഴക്കിയിട്ടുണ്ട്. നവംബര്‍ 19ന് നരന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കാൻ പോകുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള ഫൈനല്‍ അല്ലെന്നും ലോക ടെറര്‍ കപ്പിന്റെ ഫൈനലാണെന്നും ഇത് തടസ്സപ്പെടുത്തുമെന്നുമാണ് വീഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം വീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും എത്തുന്നുണ്ട്. ലോകകപ്പ് ഫൈനല്‍ തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമെ, ഗാസയില്‍ ഇസ്രായേലും പലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും പന്നൂ വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു.

ഖാലിസ്ഥാൻ ഭീകരൻ ഇത്തരം ഭീഷണി വീഡിയോകള്‍ പുറത്തുവിടുന്നത് ഇതാദ്യമല്ല. നവംബര്‍ 19 ന് ഏയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് കാണിച്ചും ഇയാള്‍ ഭീഷണി സന്ദേശമയച്ചിരുന്നു. ഒക്ടോബര്‍ 5ന് ആദ്യ മത്സരം നടന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നേരെയും പന്നൂൻ സമാനമായ ഭീഷണി ഉയര്‍ത്തിയിരുന്നു.
ഭാരത സര്‍ക്കാരിനെതിരായ യുദ്ധം (ഐപിസി 121), വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ (ഐപിസി 153 എ), ക്രിമിനല്‍ ഗൂഢാലോചന (ഐപിസി 120 ബി), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ വിവിധ വകുപ്പുകള്‍, ഐടി ആക്റ്റ് എന്നിവ പ്രകാരം പന്നൂവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .

Related Articles

Back to top button