KeralaLatest

ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍. സഹകരണ ബാങ്കുകള്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കാന്‍ തീരുമാനിച്ചു. പഠനോപകരണങ്ങളുടെ ലഭ്യത വിലയിരുത്താന്‍ ജൂലൈ ആദ്യവാരം മുഖ്യമന്ത്രി അധ്യക്ഷതയില്‍ യോഗം.

ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യമോ ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിനായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യമുണ്ട് എന്നതുസംബന്ധിച്ച്‌ അധ്യാപക-രക്ഷാകര്‍തൃ സമിതി വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പയിനിന്റെ ഭാഗമായി കോമണ്‍ ഗുഡ് ഫണ്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കും.

സഹകരണ ബാങ്കുകള്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കും. ജില്ലകളില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച്‌ തീരുമാനിക്കാന്‍ ജില്ലാകളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവരുടെ വിപുലമായ യോഗം ജൂലായ് ആദ്യവാരം മുഖ്യമന്ത്രി വിളിക്കും. ഡിജിറ്റല്‍ പഠനവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുമാനം. മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button