IndiaLatest

സൗജന്യ റേഷന്‍ നീട്ടി

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികൈവൈ) പ്രകാരം നല്‍കിയിരുന്ന സൗജന്യ റേഷന്റെ കാലാവധി നീട്ടി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ തുടരാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

സര്‍ക്കാരിന് 11.8 ലക്ഷം കോടി രൂപ ചെലവ് വരുന്ന തീരുമാനമാണ് മന്ത്രിസഭ എടുത്തിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 2029 വരെ സൗജന്യ റേഷന്‍ തുടരും. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സൗജന്യ റേഷന്‍ ഈ വര്‍ഷം അവസാനം വരെ തുടരുമെന്ന് അടുത്തിടെ കേന്ദ്ര ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം തുടരാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് കാലത്താണ് സൗജന്യ റേഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ജോലിയും വരുമാന മാര്‍ഗവും നഷ്ടപ്പെട്ട് ജനങ്ങള്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലായിരുന്നു തീരുമാനം. ഗ്രാമീണ മേഖലയിലെ 75 ശതമാനം പേര്‍ക്കും നഗര മേഖലയിലെ 50 ശതമാനം പേര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.

രണ്ട് വിഭാഗത്തിലാണ് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കുന്നത്. അന്ത്യോദയ അന്ന യോജന (എഎവൈ), മുന്‍ഗണന എന്നീ വിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം. അതിദാരിദ്ര്യ വിഭാഗത്തെയാണ് എഎവൈയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് കുടുംബത്തിന് പ്രതിമാസം 35 കിലോ ധാന്യം ലഭിക്കും. മുന്‍ഗണന വിഭാഗത്തിന് റേഷന്‍ കാര്‍ഡിലെ ആളൊന്നിന് അഞ്ച് കിലോ വീതം പ്രതിമാസം കിട്ടും.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി സൗജന്യ റേഷന്‍ നീട്ടുമെന്ന് സൂചിപ്പിച്ചിരുന്നു. ഛത്തീസ്ഗഡിലെ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദി സൗജന്യ റേഷന്‍ സംബന്ധിച്ച്‌ പറഞ്ഞത്. കൊവിഡ് കാലത്ത് രാജ്യം നേരിട്ട പ്രതിസന്ധിയും സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളും എടുത്തു പറഞ്ഞായിരുന്നു മോദിയുടെ വാക്കുകള്‍.

 

Related Articles

Back to top button