KeralaLatestThrissur

ഞാന്‍ പെട്ടുപോയി സാറേ; മയക്കുമരുന്നു വേട്ടയ്ക്കെത്തിയ പൊലീസിനോട് കരഞ്ഞു പറഞ്ഞ് വിദ്യാര്‍ഥി

“Manju”

തൃശൂര്‍: ”എംഡിഎംഎ ഒറ്റത്തവണ കൂട്ടുകാരനില്‍ നിന്ന് ഉപയോഗിച്ചതാ, ഇപ്പോ എനിക്ക് അതില്ലാതെ പറ്റില്ല.
നോക്ക്, എന്റെ പല്ലൊക്കെ പൊടിഞ്ഞുപോയിത്തുടങ്ങി, എനിക്ക് രക്ഷപെടാന്‍ പറ്റുന്നില്ല.. ഞാന്‍ പെട്ടുപോയി സാറേ..”ജില്ലയില്‍ മയക്കുമരുന്നു വേട്ടയ്ക്കു നേതൃത്വം കൊടുക്കുന്ന സംഘത്തിലെ ഒരു പൊലീസുകാരനോട് ഒരു വിദ്യാര്‍ഥി കരഞ്ഞു പറഞ്ഞു. അവന്റെ പല്ലുകള്‍ ദ്രവിച്ചും പൊടിഞ്ഞും പോയിരിക്കുന്നു. ഉപയോഗിച്ചതിന്റെ ക്ഷീണം മൂലം ഉപയോഗിക്കാത്തപ്പോഴും നാക്കും വാക്കും കുഴയുന്നു.
160 ഗ്രാം എംഡിഎംഎയുമായി പഴഞ്ഞി കോട്ടോല്‍ തായംകുളം ജാഫര്‍ (25), കരിക്കാട് കരുമത്തില്‍ സുധീഷ് (22), ചങ്ങരംകുളം ആലങ്കോട് വലിയകത്ത് മുഹമ്മദ് അജ്മല്‍ (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പത്തരയോടെ പാറേമ്പാടത്ത് വാഹന പരിശോധനയ്ക്കിടെയാണ് ജാഫറും സുധീഷും പിടിയിലായത്.
അജ്മല്‍, ഇയാളുടെ ജ്യേഷ്ഠനായ കബീര്‍ എന്നിവരാണ് ഇവര്‍ക്ക് ലഹരിമരുന്നു നല്‍കുന്നതെന്നു വ്യക്തമായതോടെ ഇവരുടെ വീട്ടിലെത്തി പൊലീസ് അജ്മലിനെ പിടികൂടി. എംഡിഎംഎയുമായി കഴിഞ്ഞ വര്‍ഷം പൊന്നാനി എക്സൈസ് പിടികൂടിയ അജ്മല്‍ കഴിഞ്ഞ മാസമാണു ജയിലില്‍ നിന്നു പുറത്തിറങ്ങിയത്.
ഒറ്റത്തവണ ഉപയോഗിച്ചാല്‍ അടിമയാക്കി മാറ്റുന്ന വില്ലനാണ് എംഡിഎംഎ. ബെംഗളൂരുവില്‍ ആഫ്രിക്കക്കാരായ ചിലരാണു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എംഡിഎംഎ എത്തിക്കുന്നത്. ബെംഗളൂരുവിലെത്തി കുറഞ്ഞ വിലയ്ക്കു വാങ്ങി കേരളത്തിലെത്തിച്ച്‌ കൂടുതല്‍ വിലയ്ക്കു വില്‍ക്കുന്ന സംഘങ്ങളും സജീവമാണ്. 15 ദിവസം കൂടുമ്പോള്‍ എംഡിഎംഎ വാങ്ങുകയും മറിച്ചു വില്‍ക്കുകയും ചെയ്തതിന്റെ കണക്കുബുക്ക് സഹിതമാണ് ഒരു വിദ്യാര്‍ഥിയെ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയത്.

Related Articles

Back to top button