InternationalLatest

അഫ്ഗാനെ തകര്‍ത്ത് ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

“Manju”

ഇന്ദോര്‍: അഫ്ഗാനിസ്താനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനെ ആറു വിക്കറ്റിന് തകര്‍ത്താണ് ഒരു മത്സരം ശേഷിക്കേ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും ശിവം ദുബെയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ശേഷം മടങ്ങിയെത്തിയ ജയ്‌സ്വാള്‍ 34 പന്തില്‍ നിന്ന് അഞ്ച് ഫോറും ആറ് സിക്‌സുമടക്കം 68 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ദുബെ 32 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്‌സുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 92 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യന്‍ ഇന്നിങ്‌സില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0) പുറത്തായി. പിന്നാലെ രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍ – വിരാട് കോലി സഖ്യം അഫ്ഗാന്‍ ബൗളര്‍മാരെ അടിച്ചുപറത്തി 57 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കളി ഇന്ത്യയുടെ കൈയിലായി. 16 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 29 റണ്‍സെടുത്ത കോലി ആറാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിന് മുന്നില്‍ വീണു. തുടര്‍ന്നായിരുന്നു കളിയുടെ ഫലം നിര്‍ണയിച്ച ജയ്‌സ്വാള്‍ – ദുബെ കൂട്ടുകെട്ട്. റിങ്കു സിങ് ഒമ്പത് റണ്‍സോടെ പുറത്താകാതെ നിന്നു. ജിതേഷ് ശര്‍മയാണ് (0) പുറത്തായ മറ്റൊരു താരം. അഫ്ഗാനു വേണ്ടി കരിം ജനത് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 172 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഗുല്‍ബാദിന്‍ നയ്ബാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. നയ്ബ് ഒഴികെയുള്ള അഫ്ഗാന്‍ താരങ്ങള്‍ക്കൊന്നും തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനായില്ല. സ്ഥാനക്കയറ്റം കിട്ടി മൂന്നാം സ്ഥാനത്തിറങ്ങിയ നയ്ബ് 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറും നാല് സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

Related Articles

Back to top button