IndiaLatest

കസ്റ്റംസ്, ടാക്സ്, നാര്‍ക്കോട്ടിക്സ് ;ദേശീയ അക്കാദമി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

അമരാവതി: ആന്ധ്രാപ്രദേശില നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്‌ട് ടാക്‌സ് ആൻഡ് നാര്‍ക്കോട്ടിക്‌സ് (NACIN) ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ആന്ധ്രയിലെ ശ്രീ സത്യസായ് ജില്ലയിലാണ് അക്കാദമി സ്ഥിതിചെയ്യുന്നത്. ഉച്ചയ്‌ക്ക് ശേഷം പാലാസമുദ്രത്തില്‍ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് നാല് മണിയോടെ അക്കാദമി രാജ്യത്തിന് സമര്‍പ്പിക്കും. ആന്ധ്രാ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീര്‍, മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി എന്നിവരും ഉദ്ഘാടനത്തിനെത്തുന്നതാണ്.

സത്യസായി ജില്ലയിലെ 500 ഏക്കര്‍ വിസ്തൃതിയുള്ള പരിസ്ഥിതി സൗഹൃദ ഗ്രീൻ കാമ്ബസിലാണ് NACIN സ്ഥിതിചെയ്യുന്നത്. കസ്റ്റംസ്, ജിഎസ്ടി, സെൻട്രല്‍ എക്‌സൈസ്, ഡ്രഗ് നിയമങ്ങള്‍, ആന്റിമണി ലോണ്ടറിംഗ്, വ്യാജ കറൻസി നോട്ടുകള്‍, ഐപിആര്‍ മുതലായ മേഖലകളില്‍ പരിശീലനം ലഭിക്കും. പൊതുജനസൗകര്യാര്‍ത്ഥം അക്കാദമിയുടെ പരിസരത്ത് പോസ്റ്റ്‌ഓഫീസ്, ബാങ്ക്, സൂപ്പര്‍മാര്‍ക്കറ്റ്, സ്‌കൂള്‍, ആശുപത്രി തുടങ്ങിയവ ഉണ്ടാകും. ഓഗ്മന്റഡ് ആൻഡ് വെര്‍ച്വല്‍ റിയാലിറ്റി, ബ്ലോക്ക്ചെയിൻ, എഐ എന്നിവയുമായി ബന്ധപ്പെട്ട പഠന പ്രോഗ്രാമുകളും അക്കാദമിയിലുണ്ടാകും.

NACIN ന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ലേപാക്ഷി ക്ഷേത്രത്തിലേക്ക് പോകും. സത്യസായി ജില്ലയില്‍ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണിത്. ഇവിടെ ദര്‍ശനം നടത്തിയ ശേഷം കേരളത്തിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി കൊച്ചിയിലെ റോഡ് ഷോയില്‍ പങ്കെടുക്കും. പ്രശസ്ത നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാൻ കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വൈകിട്ട് കേരളത്തിലെത്തുന്നത്. നാളെ രാവിലെ ഗുരുവായൂരില്‍ വച്ചാണ് വിവാഹം.

Related Articles

Back to top button