IndiaKeralaLatest

ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 150ന്റെ നിറവില്‍

പണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന് വിപരീതമായിരുന്നു ഫലമെങ്കില്‍ ഇന്ന് ആ സ്ഥിതി മാറി.

“Manju”

ഒരു യാത്ര പ്ളാൻ ചെയ്യുമ്ബോള്‍ ആദ്യം ചിന്തിക്കുക യാത്ര തുടങ്ങുന്ന സ്ഥലത്തെയും ലക്ഷ്യസ്ഥാനത്തെയും കാലാവസ്ഥയെക്കുറിച്ചാകും. അതൊക്കെ അറിയാൻ സാധാരണക്കാരെപ്പോലും പ്രാപ്‌തരാക്കിയിരിക്കുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 1875 ജനുവരി 15ന് സ്ഥാപിക്കപ്പെട്ട കാലാവസ്ഥ നിരീക്ഷണ കേന്ദ്രംകാലാവസ്ഥാ പ്രവചനത്തിന്റെ 150വര്‍ഷങ്ങളാണ് ഇന്നലെ പിന്നിട്ടത്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന 150-ാം വാര്‍ഷികാഘോഷം ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികത്തോടനുബന്ധിച്ച്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊപ്പം ഹര്‍ ഹര്‍ മൗസം, ഹര്‍ ഘര്‍ മൗസംസംരംഭത്തിനും തുടക്കമായി.

ഓരോ വീട്ടിലെയും കാലാവസ്ഥ :

രാജ്യത്തിന്റെ മൊത്തത്തിലോ, ഒരു സംസ്ഥാനത്തെയോ കാലാവസ്ഥാ അവകലോകന രീതിയല്ല ഇന്ന്. ഒരു വ്യക്തിക്ക് തന്റെ വീട്, അല്ലെങ്കില്‍ കൃഷിയിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കൃത്യമായ കാലാവസ്ഥ മുൻകൂട്ടി അറിയാൻ കഴിയും. ഒരു വലിയ പ്രദേശമാകെ മഴ പെയ്യുമെന്ന് പറയുന്ന പഴയ പ്രവചന രീതിയില്‍ പിഴവുകള്‍ പതിവായിരുന്നു. അത്തരം ന്യൂനതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉപഗ്രഹങ്ങള്‍ അടക്കം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രാദേശിക കാലാവസ്ഥ വിശകലനം ഇപ്പോള്‍ കൃത്യമാക്കുന്നത്.

150-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഓരോ വീട്ടിലെയും കാലാവസ്ഥ‘(ഹര്‍ ഹര്‍ മൗസം, ഹര്‍ ഘര്‍ മൗസം) എന്ന പേരില്‍ പഞ്ചായത്ത് തലത്തില്‍ പ്രവചനത്തിന്റെ കവറേജ് വിപുലീകരിക്കുന്ന പരിപാടിക്ക് ഇന്നലെ മുതല്‍ തുടക്കമിട്ടു. രാജ്യത്തിന്റെ ഏത് കോണിലുമുള്ള വ്യക്തിക്കും 24 മണിക്കൂറും മൊബൈല്‍ ആപ്പ് വഴി വിവരങ്ങള്‍ ലഭിക്കും. സ്ഥലത്തിന്റെ പേര് അല്ലെങ്കില്‍ പിൻകോഡ് അല്ലെങ്കില്‍ അക്ഷാംശരേഖാംശ വിവരങ്ങളോ നല്‍കിയാല്‍ മതി.

ചെറുകിട കര്‍ഷകരെ മികച്ച രീതിയില്‍ കൃഷി ആസൂത്രണം ചെയ്യാനും പ്രകൃതിക്ഷോഭങ്ങള്‍ മുൻകൂട്ടി കണ്ട് മുൻകരുതലെടുക്കാനും പദ്ധതി സഹായിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ മൃത്യുഞ്ജയ് മൊഹപാത്ര പറയുന്നു.

എല്ലാ ഗ്രാമങ്ങളിലെയും കുറഞ്ഞത് അഞ്ച് കര്‍ഷകരെ ബന്ധപ്പെടുത്തുന്ന പഞ്ചായത്ത് മൗസം സേവല (പഞ്ചായത്ത് കാലാവസ്ഥാ സേവനം) താപനില, ഈര്‍പ്പം, കാറ്റിന്റെ വേഗത തുടങ്ങിയ എല്ലാ കാലാവസ്ഥാ വിവരങ്ങളും ലഭ്യമാക്കും. മഴയെ ആശ്രയിച്ചുള്ള കൃഷിയെ ആശ്രയിക്കുന്ന ചെറുകിട കര്‍ഷകരുടെ നഷ്ടം പരമാവധി കുറക്കലാണ് ലക്ഷ്യം. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ മലയാളം അടക്കം 12 ഇന്ത്യൻ ഭാഷകളിലും ഈ വിവരങ്ങള്‍ ലഭ്യമാകും. പഞ്ചായത്ത് സെക്രട്ടറിമാര്‍, സര്‍പഞ്ചുമാര്‍, വാര്‍ഡ് മെമ്ബര്‍മാര്‍ തുടങ്ങിയവരും ഈ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടും. ഈ പദ്ധതിയിലൂടെ 10 കോടി കര്‍ഷകരിലേക്ക് വിവരങ്ങള്‍ എത്തിക്കാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഉദ്യേശിക്കുന്നു.

കൃഷി, ഊര്‍ജം, ദുരന്തനിവാരണം, വൈദ്യുതി, ഗതാഗതം, ആരോഗ്യം, ജലം എന്നിവയുള്‍പ്പെടെ എല്ലാ മേഖലകള്‍ക്കും കാലാവസ്ഥാ വിവരങ്ങളും സേവനങ്ങളും നല്‍കാൻ കാലാവസ്ഥാ സേവനങ്ങള്‍ക്കായുള്ള ദേശീയ ചട്ടക്കൂടും ഉടൻ തയ്യാറാകും. പ്രകൃതിക്ഷോഭങ്ങളും മറ്റുമുണ്ടാക്കുന്ന അപകടങ്ങള്‍ ലഘൂകരിക്കാനും വൈദ്യുതി, ആരോഗ്യം, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകളിലെ നഷ്ടം കുറയ്ക്കായ്‌ക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കഴിഞ്ഞതായി മൃത്യുഞ്ജയ് മൊഹപാത്ര അറിയിച്ചു.

ആധുനികതയില്‍

ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകള്‍, ഉപഗ്രഹങ്ങള്‍, റഡാറുകള്‍ തുടങ്ങിയവ കാലാവസ്ഥാ നിരീക്ഷണ രംഗത്ത് ഇന്ത്യയ്‌ക്ക് മുന്നേറാൻ സഹായകമായി. വിവിധ കേന്ദ്രങ്ങളിലായി 39 ഡോപ്ലര്‍ കാലാവസ്ഥാ റഡാറുകള്‍, 1,000ലധികം ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ സ്റ്റേഷനുകള്‍, 6,000ലധികം ഓട്ടോമാറ്റിക് മഴമാപിനികള്‍ അടക്കം വിവരങ്ങള്‍ കൃത്യമായി നല്‍കും.

ഭൂകമ്ബം, സുനാമി, ചുഴലിക്കാറ്റ് തുടങ്ങിയവയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കരയിലും കടലിലും അന്റാര്‍ട്ടിക്കയിലെ മഞ്ഞു പാളിയിലും ആകാശത്തും സ്ഥിതി ചെയ്യുന്ന നൂറുകണക്കിന് നിരീക്ഷണാലയങ്ങള്‍, ഓസോണ്‍, റേഡിയേഷൻ ഒബ്സര്‍വേറ്ററികള്‍, കാലാവസ്ഥാ റഡാര്‍ സ്റ്റേഷനുകള്‍ എന്നിവയുടെ ശൃംഖല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കീഴിലുണ്ട്. പ്രവചനങ്ങളും നിരീക്ഷണങ്ങളും വിശകലനങ്ങളും കൃത്യമാകാൻ കല്‍പന-1, മേഘട്രോപിക്‌സ്, .ആര്‍.എസ് സീരീസ്, ഇൻസാറ്റ് സീരീസ് തുടങ്ങിയ ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങള്‍ സഹായിക്കുന്നു.

തുടക്കം

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യാ കാലാവസ്ഥാ വകുപ്പ് തുടങ്ങിയത് ബ്രിട്ടീഷുകാരാണെങ്കിലും ഉപഗ്രഹങ്ങള്‍ അടക്കം അത്യാധുനിക സാങ്കതിക വിദ്യയുടെ സഹായത്തോടെ ഇന്നത്തെ നിലയിലുയര്‍ത്തിയത് ഇന്ത്യക്കാരാണ്.

ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ചെന്നൈ, മുംബയ്, കൊല്‍ക്കത്ത, നാഗ്പൂര്‍, ഗുവാഹത്തി, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ പ്രാദേശിക ഓഫീസുകളുണ്ട്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലും അന്റാര്‍ട്ടിക്കയിലുമായി നൂറുകണക്കിന് നിരീക്ഷണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യക്കാര്‍ക്കു പുറമെ ലോകത്തെയും കാലാവസ്ഥ അറിയിക്കുന്നുണ്ട് ഈ കേന്ദ്രം. ലോക കാലാവസ്ഥാ സംഘടനയുടെ ആറ് നോഡല്‍ കേന്ദ്രങ്ങളില്‍ ഒന്നാണിത്. മലാക്ക കടലിടുക്ക്, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, പേര്‍ഷ്യൻ ഗള്‍ഫ് എന്നിവയുള്‍പ്പെടെ വടക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്കുള്ള മുന്നറിയിപ്പുകള്‍ നല്‍കി കപ്പല്‍ യാത്രികരെ സഹായിക്കുന്നു.

1875 ജനുവരി 15ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. ഹെൻറി ഫ്രാൻസിസ് ബ്ലാൻഫോര്‍ഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യ കാലാവസ്ഥാ റിപ്പോര്‍ട്ടറുമായി. അന്ന് കൊല്‍ക്കത്ത കേന്ദ്രമാക്കിയാണ് കേന്ദ്രം പ്രവര്‍ത്തിച്ചത്. 1905ല്‍ അത് ഷിംലയിലേക്കും 1928ല്‍ പൂനെയിലേക്കും മാറ്റിയ കേന്ദ്രം ഒടുവില്‍ 1944ല്‍ ന്യൂഡല്‍ഹിയിലെത്തി.

സ്വാതന്ത്ര്യത്തിനു ശേഷം 1949 ഏപ്രില്‍ 27ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ലോക കാലാവസ്ഥാ സംഘടനയില്‍ അംഗമായി.

 

 

Related Articles

Back to top button