IndiaLatest

ഐഎച്ച്ആർഡിയിൽ പ്രതിസന്ധി

“Manju”

തിരുവനന്തപുരം ∙ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഐഎച്ച്ആർഡിയിൽ രണ്ടു മാസമായി ശമ്പള വിതരണം മുടങ്ങി. എൻജിനീയറിങ് കോളജ് അധ്യാപകർ ഉൾപ്പെടെ മൂവായിരത്തോളം ജീവനക്കാരുടെ നവംബർ മുതലുള്ള ശമ്പളമാണു മുടങ്ങിയത്. ഭൂരിഭാഗം ജീവനക്കാർക്കും നവംബറിലെ ശമ്പളം 50% വീതം നൽകിയെങ്കിലും ഡിസംബറിൽ പൂർണമായി മുടങ്ങി. നവംബറിലെ ശമ്പളം 50% ലഭിക്കാത്ത ജീവനക്കാരുമുണ്ട്. ശമ്പളം മുടങ്ങിയതോടെ സ്ഥാപനത്തിലെ സർക്കാർ അനുകൂല ജീവനക്കാരുടെ സംഘടനയായ ഐഎച്ച്ആർഡി എംപ്ലോയീസ് യൂണിയൻ സമരം പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം സർക്കാർ ഗ്രാന്റ് ഇനത്തിൽ 55.5 കോടി രൂപയാണ് സ്ഥാപനത്തിലെ ശമ്പള വിതരണം ഉൾപ്പെടെയുള്ളവയ്ക്കായി അനുവദിച്ചിരുന്നത്. എന്നാൽ, ഈ വർഷം ഇതുവരെ 18 കോടി രൂപ മാത്രമാണ് സർക്കാർ നൽകിയത്. ആരോഗ്യം, വിദ്യാഭ്യാസം എന്നിവ സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളാണെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം എത്തുന്നത് ആദ്യമാണെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചു.

15 വർഷത്തോളമായി ഐഎച്ച്ആർഡിയിലെ എൻജിനീയറിങ് കോളജ് അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റം, ശമ്പള പരിഷ്കരണം ഉൾപ്പെടെ നടക്കുന്നില്ല. രണ്ടു മാസത്തെ ശമ്പളം മുടങ്ങിയതോടെ ജീവനക്കാരുടെ പിഎഫ്, ഇൻഷുറൻസ്, വായ്പകൾ തുടങ്ങിയവയെ ബാധിച്ചു. പിഎഫ് തുക വകമാറ്റി ചെലവഴിക്കുന്നുവെന്നും ജീവനക്കാർ പറഞ്ഞു.

”വർഷങ്ങളായി സ്ഥാനക്കയറ്റവും ശമ്പള പരിഷ്കരണവും നടക്കുന്നില്ല. വ്യവസ്ഥകൾ ലംഘിച്ചു നിയമവിരുദ്ധ ട്രാൻസ്ഫർ നടത്തുന്നു. ഈ വിഷയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ഐഎച്ച്ആർഡി ഹെഡ് ഓഫിസിനു മുന്നിൽ രാവിലെ 10.30 മുതൽ സമരം നടത്തും. ”

കെ.ബിജുമോൻ, (ഐഎച്ച്ആർഡി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി)

Related Articles

Back to top button