IndiaLatest

ഡിസൈന്‍ സങ്കല്‍പ്പങ്ങള്‍ പരിചയപ്പെടാന്‍ അവനി പ്രദര്‍ശനം

“Manju”

ബെംഗളൂരു: ഡിസൈന്‍ സങ്കല്‍പ്പങ്ങള്‍ പരിചയപ്പെടുത്താനും ജനകീയമാക്കാനും ലക്ഷ്യമിട്ട് കോഴിക്കോട് അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഒരുക്കുന്ന അവനി പ്രദര്‍ശനത്തിനു ബെംഗളൂരുവിലെ ചിത്രകലാ പരിഷത്തില്‍ തുടക്കം. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ പഠനത്തിന്റെ ഭാഗമായി മൂന്നു വര്‍ഷമായി നാല്‍പ്പതോളം അധ്യാപകരും ഇരുന്നൂറിലേറെ വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ വിവിധ ആശയങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നാം നമ്മെ എവിടെയാണ് അടയാളപ്പെടുത്തുന്നത് എന്നതാണ് പ്രദര്‍ശനത്തിന്റെ പ്രമേയം. നഗരങ്ങളുടെയും തെരുവുകളുടെയും രേഖാചിത്രങ്ങള്‍, കെട്ടിടങ്ങളുടെയും വീടുകളുടെയും മാതൃകകള്‍, കളിമണ്‍ ശില്‍പ്പങ്ങള്‍, ഇന്‍സ്റ്റലേഷന്‍, ഗെയിമുകള്‍, വീഡിയോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, പോസ്റ്ററുകള്‍, കാലിഗ്രഫി, ഓറിഗാമി എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ ലണ്ടനിലെ വിവിധ ആര്‍ക്കിടെക്ടുകളുടെ മാര്‍ഗനിര്‍ദേശത്തോടെ തയ്യാറാക്കിയതാണ് പ്രദര്‍ശനത്തിലെ പല വര്‍ക്കുകളും.

ബെംഗളൂരുവിലെ ചിത്രകലാ പരിഷത്തില്‍ നടക്കുന്ന അവനി പ്രദര്‍ശനത്തില്‍ നിന്ന്.

പ്രദര്‍ശനം ആര്‍ക്കിടെക്ട് സഞ്ജയ് മോഹി ഉദ്ഘാടനം ചെയ്തു. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്ട് ടോണി ജോസഫ് അധ്യക്ഷത വഹിച്ചു. വാസ്തുവിദ്യയുടെ വ്യത്യസ്ത മാനങ്ങള്‍ എന്ന വിഷയത്തില്‍ പ്രശസ്ത ആര്‍ക്കിടെക്ട് പ്രോഫ. റോജര്‍ കോന മുഖ്യ പ്രഭാഷണം നടത്തി. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അഡ്മിനിസ്ട്രേറ്റീവ് ഡയറക്റ്റര്‍ ജോമി ജോസഫ്, ആര്‍ക്കിടെക്ട് വിഭാഗം മേധാവി ഡോ. സൗമിനി രാജ, ആര്‍ക്കിടെക്ട് ഭുവനേശ്വരി എസ്, ആര്‍ക്കിടെക്ട് വിവേക് പിപി, ആര്‍ക്കിടെക്ട് വിനോദ് സിറിയക്ക്, ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജല്‍, ഡോ. കെ എ എം അന്‍വര്‍, ആര്‍ക്കിടെക്ട് സെബാസ്റ്റ്യന്‍ ജോസഫ്, ആര്‍ക്കിടെക്ട് സന്ദീപ് കുമാര്‍, ആര്‍ട്ടിസ്റ്റ് പ്രൊഫ. ആന്റോ ജോര്‍ജ്, ആര്‍ക്കിടെക്ട് തുഷാര കെ, ആര്‍ക്കിടെക്ട് അഭിരാമി എ, ആര്‍ക്കിടെക്ട് ശരണ്‍ കൃഷ്ണന്‍, ആര്‍ക്കിടെക്ട് വില്യം ജോര്‍ജ്, ആര്‍ക്കിടെക്ട് വരുണ്‍ ഗോപാല്‍, നിഖില്‍ കെ സണ്ണി എന്നിവര്‍ സംസാരിച്ചു.

പ്രദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് (ശനി) രാവിലെ 10 ന് ആര്‍ട്ടിസ്റ്റ് പ്രൊഫ. ആന്റോ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓറിഗാമി ശില്‍പ്പശാല നടക്കും. കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂര്‍ നഗരങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് ബെംഗളൂരുവില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 8 വരെ സൗജന്യമായി പ്രദര്‍ശനം കാണാം. പ്രദര്‍ശനം നാളെ (ഞായറാഴ്ച്ച) സമാപിക്കും.

 

Related Articles

Back to top button