Kannur

പെരുമാറ്റച്ചട്ടലംഘനം; കെ കെ രാഗേഷ് എംപിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

“Manju”

കണ്ണൂർ: കെ കെ രാഗേഷ് എംപിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. രാഗേഷ് എംപിയ്ക്ക് പുറമെ മറ്റ് രണ്ടു പേർക്ക് കൂടി കമ്മീഷൻ നോട്ടീസ് അയച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനനും ജില്ലാ പ്രസിഡന്റ് പി പി ദിവ്യയ്ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണംകാണിക്കൽ നോട്ടീസ് അയച്ചത്.

ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉദ്ഘാടനം നടത്തിയെന്ന് കാണിച്ചാണ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റി രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.

പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതിനാണ് രാഗേഷ് എംപിയ്ക്ക് നോട്ടീസ് അയച്ചത്. മുണ്ടേരി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ മുദ്ര പദ്ധതിയുടെ ഭാഗമായുള്ള നാല് പദ്ധതികളുടെ ഉദ്ഘാടനമാണ് രാഗേഷ് നിർവ്വഹിച്ചത്. ഹയർ സെക്കന്ററി ലാബ് ബ്ലോക്ക്, രണ്ട് ക്ലാസ് മുറികളുള്ള കെട്ടിടവും നാല് സ്മാർട്ട് ക്ലാസ് മുറികളും നാഷണൽ മിനറൽ ഡവലപ്‌മെന്റ് കോർപറേഷൻ അനുവദിച്ച ഒരു കോടി രൂപ ചെലവിൽ നിർമിച്ച 6 ക്ലാസ് മുറികൾ, ഹയർ സെക്കന്ററി ലൈബ്രറി ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. പി പി ദിവ്യയാണ് ഈ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചത്.

മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട പൊതു പരിപാടി നടത്തിയതിനാണ് മേയർക്ക് നോട്ടിസ് നൽകിയത്. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ചിക്കൻ സ്റ്റാളുകളിൽ നിന്നുള്ള മാലിന്യം മട്ടന്നൂർ റെണ്ടറിംഗ് പ്ലാന്റിലേക്ക് ശേഖരിക്കുന്നതിനുള്ള വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫാണ് മേയർ നിർവ്വഹിച്ചത്.

Related Articles

Back to top button