ClimateKeralaLatest

കുണ്ടളയില്‍ ഉരുള്‍പൊട്ടി; മൂന്ന് കടയും ക്ഷേത്രവും മണ്ണിനടിയില്‍

“Manju”

 

മൂന്നാര്‍: മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റില്‍ പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടി മൂന്ന് കടയും ഒരു ക്ഷേത്രവും മണ്ണിനടിയിലായി.

ഉറങ്ങിക്കിടന്ന 450ഓളം പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച ഒന്നോടെയാണ് സംഭവം. മൂന്നാര്‍ ടൗണില്‍നിന്ന് 13 കിലോമീറ്റര്‍ അകലെ മാട്ടുപ്പെട്ടി ഡാമിനും കുണ്ടള ഡാമിനുമിടയിലാണ് ഉരുള്‍പൊട്ടിയത്. ഏകദേശം ഒരു കിലോമീറ്റര്‍ മുകളില്‍നിന്ന് തുടങ്ങിയ ഉരുള്‍പൊട്ടലില്‍ വന്ന പാറക്കൂട്ടങ്ങളും വലിയ മരങ്ങളും റോഡില്‍ തടഞ്ഞുനിന്നതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ലയങ്ങളിലുള്ളവരെല്ലാം ഉറങ്ങാന്‍ കിടന്നതിന് ശേഷമാണ് ഉരുള്‍പൊട്ടലുണ്ടായത്.

മൂന്നാറില്‍നിന്നു വട്ടവടയിലേക്ക് പോവുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് ആദ്യം അപകടം കണ്ടത്. വാഹനത്തില്‍നിന്ന് ഇറങ്ങി അടുത്തുള്ള വീടുകളില്‍ താമസിച്ചിരുന്നവരെ വിവരമറിയിച്ചതോടെ ഇവിടെനിന്ന് എല്ലാവരും ഉടന്‍ മാറുകയായിരുന്നു. ഈ വീടുകളില്‍ താമസിച്ചിരുന്ന ബാക്കിയുള്ളവരെ കമ്ബനി അധികൃതരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രാത്രി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മലവെള്ളപ്പാച്ചിലില്‍ ഇരച്ചെത്തിയ മണ്ണും കല്ലും മരങ്ങളുമെല്ലാം വന്നടിഞ്ഞ് മൂന്നാര്‍ വട്ടവട റോഡിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. റോഡ് തകര്‍ന്നതോടെ വട്ടവട, കോവിലൂര്‍, ടോപ് സ്റ്റേഷന്‍ തുടങ്ങിയവ ഒറ്റപ്പെട്ടു. റോഡിന് തൊട്ടുതാഴെയാണ് 141 കുടുംബം താമസിക്കുന്ന ലയങ്ങളുള്ളത്. മൂന്നാറില്‍നിന്ന് അഗ്നിരക്ഷ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി കല്ലും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. പ്രദേശത്ത് വീശുന്ന കാറ്റും ഇടക്കിടെ പെയ്യുന്ന മഴയും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന് തടസ്സമാകുന്നുണ്ട്.

ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, അഡ്വ. . രാജ എം.എല്‍.എ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

 

Related Articles

Back to top button